റിയോ ഡി ജനീറോ: മുപ്പത്തിയാറുവർഷത്തിനുശേഷം ഒളിമ്പിക് ഹോക്കിയിൽ ഒരു മെഡൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അയർലൻഡിനെയാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യക്കായി രൂപീന്ദർപാൽ സിങ് രണ്ട് ഗോളുകൾ നേടി.
15-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ രഘുനാഥ് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് 26, 49 മിനിറ്റുകളിൽ രൂപീന്ദർപാൽ സിങും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. അയർലൻഡിനായി 45-ാം മിനിറ്റിൽ ജോൺ ജെർമിനും 56-ാം മിനിറ്റിൽ കോണോർ ഹെർട്ടും ലക്ഷ്യം കണ്ടു. കളി തീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ ഇന്ത്യൻ താരം രമൺദീര് മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ഇന്ത്യ മത്സരം പൂർത്തിയാക്കിയത്. ജയത്തോടെ മൂന്ന് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ജർമനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറ്റൊരു മത്സരത്തിൽ നെതർലൻഡ് അർജന്റീനയുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി.
















