റിയോ ഡി ജനീറോ: തുഴച്ചലിൽ ഇന്ത്യൻ താരം ക്വാർട്ടറിൽ. പുരുഷന്മാരുടെ സിംഗിൾസ് സ്‌കൾസിൽ ദത്തു ബാബൻ ബൊക്കനാലാണ് അവസാന എട്ടുപേരിൽ ഇടംപിടിച്ചത്. ആദ്യ ഹീറ്റ്‌സിൽ മൂന്നാമതായാണ് ദത്തു ഫിനിഷ് ചെയ്തത്. 2000 മീറ്റർ തുഴച്ചിലിൽ ഏഴ് മിനിറ്റും 21.67 സെക്കൻഡുമെടുത്താണ് ദത്തു പൂർത്തിയാക്കിയത്. 7:06.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത ക്യൂബയുടെ എയ്ഞ്ചൽ ഫോറിനർ ഒന്നാമത്. മെക്‌സിക്കോയുടെ ജുവാൻ കാർലോസ് 7:08.27 സെക്കൻഡിൽ രണ്ടാമതുമെത്തി.
ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ ഓഷ്യാനിയ യോഗ്യത ടൂർണ്ണമെന്റിൽ സിംഗിൾ സ്‌കൾസിൽ വെള്ളി നേടിയാണ് മഹാരാഷ്‌ട്ര സ്വദേശിയായ ബൊക്കനാൽ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഏഷ്യൻ തുഴച്ചിൽ ചാമ്പ്യൻഷിപ്പിൽ വെള്ളി സ്വന്തമാക്കിയിട്ടുണ്ട്. 2014 ൽ നടന്ന ദേശീയ തുഴച്ചൽ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ദത്തു അതേ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
















