കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിന് വേദിയാകാൻ കൊച്ചി തെരഞ്ഞെടുക്കപ്പെട്ടാൽ ലോകത്തിന് മുന്നിൽ കേരളത്തെ അവതരിപ്പിക്കാനുള്ള അവസരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്‌ടോബറിനകം ഒരുക്കങ്ങൾ പൂർത്തിയാക്കി യോഗ്യത നേടാനാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഒരുക്കങ്ങൾ പരിശോധിക്കാനെത്തിയ ഫിഫ സംഘവുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലേത് രാജ്യാന്തര സ്‌റ്റേഡിയമാണെങ്കിലും ഫിഫ നിഷ്‌കർഷിക്കുന്ന രാജ്യാന്തര നിലവാരം കൈവരിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. കേവലം മൈതാനം മാത്രമല്ല അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ലോകകപ്പിനെ വരവേൽക്കാൻ സജ്ജമാകണം. ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ. ഫിഫ അണ്ടർ 17 ലോകകപ്പ് കേരളത്തിന് ലഭിച്ചാൽ സംസ്ഥാനത്ത് ഫുട്‌ബോളിന്റെ അഭിവൃദ്ധിക്കും അതു വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
















