വിര്‍ജീനിയ ത്രാഷര്‍
റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിലെ ആദ്യ സ്വർണ്ണം അമേരിക്കക്ക്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങിലാണ് അമേരിക്ക സ്വർണ്ണം നേടിയത്. യോഗ്യതാ റൗണ്ടിൽ ഒളിമ്പിക് റെക്കോർഡോടെ ഒന്നാമതെത്തിയ ചൈനയുടെ ഡു ലിയെയും നിലവിലെ ജേത്രി യി സിലിങിനെയും പിന്തള്ളിയാണ് അമേരിക്കയുടെ വിർജീനിയ ത്രാഷർ പൊന്നണിഞ്ഞത്. 20 റൗണ്ടുള്ള ഫൈനലിൽ 208 പോയിന്റ് വെടിവെച്ചിട്ടാണ് വിർജീനിയ റിയോ 2016ലെ ആദ്യ സ്വർണ്ണത്തിന് അവകാശിയായത്. കരിയറിലെ ആദ്യ സ്വർണ്ണവും.
വെള്ളിയും വെങ്കലവും ചൈനീസ് താരങ്ങൾക്ക്. 207 പോയിന്റ് നേടിയ ഡുലി വെള്ളിയും 185.4 പോയിന്റുമായി യി സിലിങ് വെങ്കലവും നേടി. അവസാന ഷോട്ടിന് മുമ്പ് വിർജീനിയയും ഡു ലിയും തമ്മിൽ നേരിയ വ്യത്യാസമാണുണ്ടായിരുന്നത്. എന്നാൽ അവസാന ഷോട്ട് 10.4ലേക്ക് ഷൂട്ട് ചെയ്ത വിർജീനിയ മെഡൽ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലെ സ്വർണ്ണമെഡൽ ജേത്രി യി സിലിങ്ങിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വിർജീനിയയുടെ സ്വർണ്ണനേട്ടം. യോഗ്യതാ റൗണ്ടിൽ ആദ്യ എട്ട് സ്ഥാനങ്ങൾ നേടിയവരാണ് ഫൈനലിൽ മത്സരിച്ചത്.
















