റിയോ ഡി ജനീറോ: വനിതകളുടെ ടീം അമ്പെയ്‌ത്തിൽ ഇന്ത്യക്ക് എതിരാളികൾ കൊളംബിയ. ഇന്ന് വൈകിട്ട് 6.45ന് മത്സരം. ഇന്നലെ നടന്ന റാങ്കിങ് റൗണ്ടിൽ ഏഴാമതായാണ് ദീപിക കുമാരി, ബോംബെയ്‌ലാ ദേവി, ലക്ഷ്മിറാണി മാജി എന്നിവരടങ്ങിയ ഇന്ത്യൻ ടീം പ്രീ ക്വാർട്ടറിലെത്തിയത്. 1892 പോയിന്റാണ് ഇന്ത്യ നേടിയത്. കൊളംബിയ പത്താമതായാണ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. കരോലിന അഗ്യൂറേ, അനാ റൻഡൻ, നതാലിയ സാഞ്ചസ് എന്നിവരടങ്ങിയ ടീം 1855 പോയിന്റുമായാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
പ്രീ ക്വാർട്ടർ മത്സരം ഇന്ന് നടക്കും. വൈകിട്ട് 6.45ന്. വിജയിക്കുന്നവർ ക്വാർട്ടറിലെത്തും. ക്വാർട്ടറിൽ റഷ്യയാണ് എതിരാളികൾ.
ടീം റാങ്കിങ് റൗണ്ടിൽ 1998 പോയന്റുമായി ദക്ഷിണ കൊറിയ ഒന്നാമത്. 1938 പോയിന്റുമായി റഷ്യ, 1933 പോയിന്റുമായിൈചന രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനീസ് തായ്‌പേയ് നാലാമത്. ആദ്യ നാല് സ്ഥാനക്കാരും നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടി.
വനിത സിംഗിൾസ് റാങ്കിങ് റൗണ്ട് വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല. ഏറെ പ്രതീക്ഷയർപ്പിക്കുന്ന ദീപിക കുമാരി 640 പോയന്റോടെ 20-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. മറ്റു താരങ്ങളായ ബോംബെയ്‌ല ദേവി 638 പോയിന്റുമായി 24-ാമതും 614 പോയിന്റുമായി ലക്ഷ്മിറാണി മാഞ്ചി 43-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
റൗണ്ട് ഓഫ് 64-ൽ ദീപിക കുമാരിക്ക് ജോർജിയയുടെ ക്രിസ്റ്റിനെ എസുബയും, ലക്ഷ്മിറാണി മാഞ്ചിക്ക് സ്ലോവാക്യയുടെ അലക്‌സാൻഡ്ര ലോഗോവയും, ബോംബെയ്‌ല ദേവിക്ക് ഓസ്ട്രിയയുടെ ബാൾഡഫുമാണ് എതിരാളികൾ. ലക്ഷ്മി റാണിയുടെ രണ്ടാം റൗണ്ട് മത്സരം ഇന്ന്.
















