ബാള്‍ട്ടിമോര്‍ (യുഎസ്): അവസാന നിമിഷം താന്‍ വെടിയേറ്റു വീഴുന്ന ദൃശ്യം വരെ അവള്‍ വീഡിയോവില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്തു. കോറിന്‍ ഗെയിന്‍സിന് അങ്ങനെ ചെയ്യാതിരിക്കാനാവില്ലായിരുന്നു, അവള്‍ അത്രമാത്രം സാമൂഹ്യ മാധ്യമത്തില്‍ സക്രിയമായിരുന്നു.
ആഫ്രിക്കന്‍-അമേരിക്കന്‍ വനിത കോറിന്‍, യുഎസ്സിലെ മെറിലാന്റഡിലെ ബാള്‍ട്ടിമോര്‍ പ്രവിശ്യാ പോലീസിന്റെ വെടിയേറ്റു വീഴുകയും ഒപ്പമുണ്ടായിരുന്ന കൊച്ചു കുട്ടിയ്‌ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ കോറിന്റെ ഫേസ്ബുക് അക്കൗണ്ടുവഴി ലോകം കണ്ടു. കുട്ടി കോറിന്റെ മകനാണെന്നും അല്ലെന്നും വാര്‍ത്തയുണ്ട്. ഇരുപത്തിമൂന്നുകാരി കോറിന്‍ ഒരു ട്രാഫിക് നിയമലംഘനക്കേസില്‍ പെട്ടു. ഇതിന്റെ വാറണ്ട് കൈമാറാനാണ് പോലീസ് കോറിന്റെ വീട്ടിലെത്തിയത്. എന്നാല്‍, പോലീസിനോട് സഹകരിക്കാന്‍ അവര്‍ തയ്യാറായില്ല. ഒടുവില്‍ പോലീസ് അയല്‍ക്കാരില്‍നിന്ന് താക്കോല്‍ വാങ്ങി കോറിന്റെ വീട്ടിനുള്ളില്‍ കടന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ അപ്പപ്പോള്‍ കോറിന്‍ ഫേസ്ബുക്കുവഴിയും ഇന്‍സ്റ്റാ ഗ്രാം വഴിയും ജനങ്ങളിലെത്തിച്ചു.
കോറിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. പക്ഷേ അവര്‍ തന്റെ ലൈസന്‍സുള്ള തോക്ക് ചൂണ്ടി വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കോറിന്‍ അപ്പപ്പോള്‍ വിവരങ്ങള്‍ ജനങ്ങളെ അറിയിച്ചു. പോലീസിന്റെ ചെയ്തി ന്യായീകരിച്ച് വക്താവ് എലീസ് അര്‍മാകോസ്റ്റ് പത്രസമ്മേളനവും നടത്തി.പോലീസിന്റെ ആവശ്യപ്രകാരം കോറിന്റെ അക്കൗണ്ട് ഫേസ്ബുക് അധികൃതര്‍ റദ്ദാക്കിയെങ്കിലും കറുത്തവര്‍ഗ്ഗക്കാരികൂടിയായ കോറിനും വെടിവെയ്‌പ്പു സംഭവവും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പോലീസ് അധികൃതരുടെ ആവശ്യം നടപ്പാക്കാന്‍ ഒരുമണിക്കൂറിലേറെ വൈകി. അതിനാല്‍ ദൃശ്യങ്ങള്‍ എത്തേണ്ടിടത്തെല്ലാം എത്തി.
വെടിവെപ്പിനു മുമ്പ് പോലീസും കോറിനും തമ്മില്‍ വാഗ്വാദങ്ങളുണ്ടായതും വീഡിയോവില്‍ കാണാമായിരുന്നു. കുട്ടിയോട് അവള്‍ ചോദിക്കുന്നു, പോലീസ് ഇപ്പോള്‍ എന്തുചെയ്യുകയാണ്? അവന്‍ പറഞ്ഞു, അവര്‍ നമ്മെ കൊല്ലാന്‍ പോകുകയാണ്. ഇടനാഴിയില്‍ തോക്കുമായി നില്‍ക്കുന്ന പോലീസിന്റെ വിദൂരവും അവ്യക്തവുമായ ദൃശ്യങ്ങള്‍ ആ സമയം കാണാം. കോറിന്‍ കുട്ടിയെ മുന്‍നിര്‍ത്തിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഒരു ഘട്ടത്തില്‍ കോറിന്‍ പോലീസിനു നേരേ തോക്കു ചൂണ്ടിപ്പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ ഇവിടം വിട്ടു പോയില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലും കൊല്ലും…. ഒടുവില്‍ പോലീസ് നിറയൊഴിക്കുംമുമ്പേ കോറിന്‍ രണ്ടുവട്ടം വെടിവെച്ചു. ഒന്നും ലക്ഷ്യം കണ്ടില്ല. അപകടം മനസ്സിലാക്കിയ പോലീസ് തിരികെ ഉതിര്‍ത്ത വെടി കോറിനു കൊണ്ടു, വീണു. ഒപ്പമുണ്ടായിരുന്നു കുട്ടിക്ക് ചെറിയ പരിക്കേറ്റു. ഈ അവസാന സംഭവം വരെ പലരും ഫേസ്ബുക്കിലൂടെ കണ്ടു.
ഏറെ ഗുരുതരമായ വിഷയം, ഫേസ്ബുക്കില്‍, ഓണലൈനില്‍ ഈ സംഭവങ്ങള്‍ കണ്ടവരില്‍ അധികം പേരും കോറിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നാണ്. കുറച്ചു പേരേ പിന്തിരിയാനും പോലീസിനോടു സഹകരിക്കാനും അഭിപ്രായപ്പെട്ടുള്ളു. ഇപ്പോഴും കോറിന്റെ ദുരന്തം സാമൂഹ്യ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
















