മട്ടന്നൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വിരകേരളവര്‍മ്മ പഴശ്ശിരാജയുടെ വീരാഹുതിയെ വെറും ചരമമായി ചിത്രീകരിച്ച് മട്ടന്നൂര്‍ നഗരസഭയുടെ നോട്ടീസ്. ഇന്ന് വൈകുന്നേരം 4 മണിക്ക് മട്ടന്നൂര്‍ നഗരസഭാ സിഡിഎസ് ഹാളില്‍ ചേരുന്ന യോഗത്തിന്റെ ക്ഷണപത്രികയിലാണ് വീര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ വീരാഹുതിയെ വെറും ചരമമാക്കി ചിത്രീകരിച്ച് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല പോരാളിയെ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നത്. പഴശ്ശി രാജാവിന്റെ 211-ാം വീരാഹുതി നവംബര്‍ 30നാണ്. ഇതോടനുബന്ധിച്ച് നഗരസഭ പഴശ്ശിയില്‍ പണിത പഴശ്ശി സ്മൃതി മന്ദിരത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിന്റെയും മട്ടന്നൂരിന്റെ ചരിത്രം തയ്യാറാക്കുന്നതിന്റെയും ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. വീര കേരള വര്‍മ്മ പഴശ്ശിരാജയുടെ 211-ാം ചരമവാര്‍ഷികം 2016 നവംബര്‍ 30ന് ആഗതമാവുകയാണ് എന്നിങ്ങനെയാണ് നോട്ടീസിന്റെ തുടക്കം.
















