കുട്ടനാട്: അറവുമാലിന്യങ്ങളും ശുചിമുറി മാലിന്യവും പൊതു ജലാശയങ്ങളില്‍ തള്ളുന്നതു പതിവാകുന്നു. എസി റോഡരികിലെ ജലാശയങ്ങളിലും പാടശേഖരങ്ങളിലും മാലിന്യം തള്ളുന്നതും പതിവായി. കഴിഞ്ഞ ദിവസം കാവാലം ജങ്കാര്‍ കടവിനു സമീപം ഇറച്ചിക്കോഴിയുടെ മാലിന്യം തള്ളിയിരുന്നു.
അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള കോഴിമാലിന്യം ജലാശയത്തിലൂടെ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. അസഹനീയമായ ദുര്‍ഗന്ധം കാരണം ആറിന് ഇരു കരകളിലും താമസിക്കുന്നവര്‍ പോലും ബുദ്ധിമുട്ടി. ചാക്കുകെട്ടുകളിലും അല്ലാതെയും കാവാലത്ത് അറവുമാലിന്യങ്ങള്‍ തള്ളുന്നതു പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.
കാവാലത്ത് കെഎസ്ആര്‍ടിസി യുടെ ബസുകള്‍ സ്റ്റേ സര്‍വീസ് നടത്തുന്നുണ്ട്. ബസിലെ ജീവനക്കാര്‍ പുലര്‍ച്ചെ കുളിക്കാനിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. കര്‍ക്കടകവാവിനോടനുബന്ധിച്ചു മേഖലയില്‍ വന്‍തോതില്‍ കോഴിയിറച്ചി വ്യാപാരം നടന്നിരുന്നു.
ഇതിന്റെ അവശിഷ്ടങ്ങളാവാം ആറ്റില്‍ തള്ളിയത് എന്നാണു സൂചന. അതേസമയം, ചങ്ങനാശേരി, കോട്ടയം, തിരുവല്ല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണു കുട്ടനാട്ടിലേക്ക് അറവുമാലിന്യങ്ങള്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അറവുമാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും കുട്ടനാട്ടിലെ പാടശേഖരങ്ങളിലും, ജലാശയങ്ങളിലും നിക്ഷേപിക്കുന്നതാണു പതിവ്. മലിനമായ പൊതുജലാശയത്തിലെ വെള്ളം ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു ജലജന്യരോഗങ്ങള്‍ പിടിപെടുന്നതു പതിവാണെന്നും പരാതിയുണ്ട്.
എസി റോഡിലെ പോലീസിന്റെ പതിവ് പട്രോളിങ്ങിനൊപ്പം കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തിപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.















