ന്യൂജേഴ്‌സി: സീസണിനു മുന്നോടിയായുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്‌ബോളിൽ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയ്‌ക്കും റയൽ മാഡ്രിഡിനും ജയം. ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ലെസ്റ്റർ സിറ്റിയെ തകർത്തപ്പോൾ, റയലിൽ ജർമൻ ചാമ്പ്യന്മാർ ബയേൺ മ്യൂണിക്കിനെ വീഴ്‌ത്തി (1-0).
സ്വീഡനിലെ ഫ്രണ്ട്‌സ് അരീനയിൽ നടന്ന കളിയിൽ സൂപ്പർതാരങ്ങൾ ലയണൽ മെസിയും ലൂയി സുവാരസുമുൾപ്പെടെയുള്ളവർ അണിനിരന്ന കളിയിൽ മുനീർ എൽഹാദിയുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സയ്‌ക്ക് മികച്ച ജയം സമ്മാനിച്ചത്. 26, 45 മിനിറ്റിൽ എൽഹാദി സ്‌കോർ ചെയ്തു. 34-ാം മിനിറ്റിൽ ലൂയി സുവാരസും 84-ാം മിനിറ്റിൽ കൗമാരതാരം റാഫാ മുജികയും ബാഴ്‌സയുടെ മറ്റു സ്‌കോറർമാർ. ലെസ്റ്ററിന്റെ ആശ്വാസം അഹമ്മദ് മൂസയുടെ ബൂട്ടുകൾ. 47, 66 മിനിറ്റുകളിൽ മൂസ ലക്ഷ്യം കണ്ടു.
ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 79-ാം മിനിറ്റിൽ ഡാനിലേ നേടിയ ഗോളിനാണ് ബയേണിനെതിരെ റയൽ ജയിച്ചു കയറിയത്. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡൊ,
ഗരത് ബെയ്ൽ, കരിം ബെൻസമ എന്നിവരുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തി റയൽ.
മറ്റൊരു കളിയിൽ ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളിന് എസി മിലാനെ തോൽപ്പിച്ചു. ഓസ്‌കർ രണ്ടു ഗോളുകൾ നേടി. 70-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 87-ാം മിനിറ്റിലുമാണ് താരം ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റിൽ ബെർട്രഡന്റാണ് ചെൽസിക്കായി സ്‌കോറിങ് തുടങ്ങിയത്. 38-ാം മിനിറ്റിൽ ജിയാകോമോ ബോണാവെഞ്ച്യുറ മിലാന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
















