കിങ്സ്റ്റൺ: പൊരുതിക്കളിച്ച റോസ്റ്റൺ ചേസും (137 നോട്ടൗട്ട്) ഷെയ്ൻ ഡൗറിച്ചും (74) നായകൻ ജേസൺ ഹോൾഡറും (64 നോട്ടൗട്ട്) ജെർമയ്ൻ ബ്ലാക്ക്‌വുഡും (63) ചേർന്ന് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ജയം നിഷേധിച്ചു. മഴയിലൂടെ ലഭിച്ച ഭാഗ്യം ക്ഷമയിലൂടെ ഒപ്പംനിർത്തി വിൻഡീസ്. നാലാം ദിവസത്തിലെ ഭൂരിഭാഗം സമയവും മഴ മൂലം നഷ്ടപ്പെട്ടതോടെ ആത്മവിശ്വാസം ലഭിച്ച വിൻഡീസ് തോൽവി ഒഴിവാക്കാൻ ക്ഷമാപൂർവം ബാറ്റേന്തി. അതിന് ചേസും ഡൗറിച്ചും ഹോൾഡറും ബ്ലാക്‌വുഡും കൈയൊപ്പു ചാർത്തി. കളിയവസാനിക്കുമ്പോൾ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 388 റൺസെടുത്തിരുന്നു. സ്‌കോർ: വെസ്റ്റിൻഡീസ് – 196, 388/6. ഇന്ത്യ – 500/9 ഡിക്ല.
നാലിന് 48 എന്ന നിലയിൽ ഇന്നിങ്‌സ് പരാജയം മുന്നിൽക്കണ്ടിടത്തു നിന്നാണ് വിൻഡീസ് തിരികെയെത്തിയത്. അവസാന ദിവസം 88 ഓവർ എറിഞ്ഞിട്ടും ഇന്ത്യൻ ബൗളർമാർക്ക് വീഴ്‌ത്താനായത് രണ്ട് വിക്കറ്റ് മാത്രം. റോസ്റ്റൺ ചേസ് പടുത്തുയർത്തിയ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളാണ് വിൻഡീസിനെ തുണച്ചത്. ഡൗറിച്ചിനൊപ്പം ആറാം വിക്കറ്റിൽ 144 റൺസും ഹോൾഡറിനൊപ്പം അപരാജിതമായ ഏഴാം വിക്കറ്റിൽ 103 റൺസും കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ ബ്ലാക്ക്‌വുഡിനൊപ്പം നേടിയ 93 റൺസും നിർണായകമായി. 269 പന്തുകളിൽ നിന്ന് 15 ഫോറും ഒരു സിക്‌സുമടങ്ങിയതാണ് ചേസിന്റെ ഇന്നിങ്‌സ്. കളിയിലെ താരവും ചേസ്.
രണ്ടാം ടെസ്റ്റ് കളിക്കുന്ന ചേസിന്റെ ആദ്യ ശതകം ടീമിനെ മരണക്കയത്തിൽ നിന്നാണ് ഉയർത്തിയത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷാമിയും അമിത് മിശ്രയും രണ്ടും ഇഷാന്ത് ശർമ്മ, അശ്വിൻ എന്നിവർ ഓരോന്നു വിക്കറ്റുകളെടുത്തു.
നേരത്തെ, ഓപ്പണർ ലോകേഷ് രാഹുലിന്റെയും (158) അജിൻക്യ രഹാനയുടെയും (108 നോട്ടൗട്ട്) സെഞ്ച്വറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ വലിയ സ്‌കോർ കണ്ടെത്തിയത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിൽ. മൂന്നാം ടെസ്റ്റ് ഒമ്പത് മുതൽ 13 വരെ ഗ്രോസ്‌ലെറ്റിൽ.
മഴ മൂലം നൂറ് ഓവറെങ്കിലും നഷ്ടപ്പെട്ടതാണ് ജയത്തിൽ നിന്നു തടഞ്ഞതെന്ന് ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ. തോൽവി ഒഴിവാക്കാൻ വിൻഡീസ് ബാറ്റ്‌സ്മാൻ നടത്തിയ അഭിനന്ദിക്കുന്നുവെന്ന് നായകൻ വിരാട് കോഹ്‌ലി.
















