ഗാലെ: മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചു വിക്കറ്റ് പ്രകടനം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ട്രേലിയയെ താങ്ങിനിർത്തി. മുന്നൂറിനപ്പുറമുള്ള സ്‌കോർ ലക്ഷ്യമിട്ട ലങ്കയെ 281ൽ ഒതുക്കി സ്റ്റാർക്ക്. 16.1 ഓവറിൽ 44 റൺസ് വഴങ്ങി നേട്ടം. മറുപടി തുടങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസിൽ. ഉസ്മാൻ ഖവാജ (11) ക്രീസിൽ.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്കയെ കുശാൽ മെൻഡിസിന്റെയും (86), നായകൻ ഏയ്ഞ്ചലോ മാത്യൂസിന്റെയും (54) അർധശതകങ്ങളാണ് ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. കുശാൽ പെരേര (49), ധനഞ്ജയ ഡിസിൽവ (37) എന്നിവരും പിന്തുണ നൽകി. നഥാൻ ലിയോൺ രണ്ടും ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, ജോൺ ഹോളണ്ട് എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
വിശ്വ പേരേരയും ദിൽറുവാൻ പെരേരയുമാണ് ഓസീസ് വിക്കറ്റുകൾ പങ്കിട്ടത്. ഓപ്പണർ ജോ ബേൺസ് പൂജ്യത്തിനു മടങ്ങിയപ്പോൾ, വാർണർ 41 പന്തിൽ 42 റൺസെടുത്ത് പുറത്തായി.
















