എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന് മികച്ച തുടക്കം. രണ്ടാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോർ 297നെതിരെ പാക്കിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസിൽ. ഓപ്പണർ മുഹമ്മദ് ഹഫീസ് നാലാം പന്തിൽ പൂജ്യത്തിനു മടങ്ങിയെങ്കിലും സാമി അസ്ലമും (40 നോട്ടൗട്ട്), അസർ അലിയും (53 നോട്ടൗട്ട്) പാക്കിസ്ഥാനെ താങ്ങിനിർത്തി.
നേരത്തെ, സൊഹെയ്ൽ ഖാന്റെ അഞ്ചു വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തുന്നതിൽ നിന്ന് തടഞ്ഞു. 23 ഓവറിൽ 96 റൺസ് വഴങ്ങി മൂന്നാം ടെസ്റ്റ് കളിക്കുന്ന സൊഹെയ്‌ലിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം. രണ്ട് വിക്കറ്റ് വീതം നേടി മുഹമ്മദ് അമീറും രാഹത് അലിയും പിന്തുണ നൽകി. യാസിർ ഷായ്‌ക്ക് ഒരു വിക്കറ്റ്. അർധസെഞ്ചുറി പ്രകടനങ്ങളോടെ മധ്യനിരക്കാർ ഗാരി ബല്ലൻസും (73), മോയീൻ അലിയുമാണ് (63) ഇംഗ്ലണ്ടിന് രക്ഷയായത്.
















