റിയോ ഡി ജനീറോ: പുരുഷന്മാരുടെ ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. ആദ്യ ദിനം തന്നെ ആതിഥേയരായ ബ്രസീൽ കളത്തിലെത്തും. ഗ്രൂപ്പ് എയിൽ നടക്കുന്ന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് കിക്കോഫ്.
ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാഖ് ഡെന്മാർക്കുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ഡിയിൽ രാത്രി 11.30ന് നടക്കുന്ന പോരാട്ടത്തിൽ ഹോണ്ടുറാസിന് എതിരാളികൾ അൾജീരിയ. ഗ്രൂപ്പ് ബിയിൽ നാളെ പുലർച്ചെ 3.30ന് സ്വീഡൻ കൊളംബിയയുമായും 6.30ന് ജപ്പാൻ നൈജീരിയയെയും നേരിടും.
16 ടീമുകളാണ് പുരുഷന്മാരുടെ ഫുട്‌ബോളിൽ സ്വർണ്ണം ലക്ഷ്യമിട്ട് പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാഖ്, ഡെന്മാർക്ക്, ഗ്രൂപ്പ് ബിയിൽ സ്വീഡൻ, കൊളംബിയ, നൈജീരിയ, ജപ്പാൻ, ഗ്രൂപ്പ് സിയിൽ ഫിജി, ദക്ഷിണ കൊറിയ, മെക്‌സിക്കോ, ജർമ്മനി, ഗ്രൂപ്പ് ഡിയിൽ ഹോണ്ടുറാസ്, അൾജീരിയ, പോർച്ചുഗൽ, അർജന്റീന ടീമുകൾ അണിനിരക്കും.
23 വയസ്സിന് താഴെയുള്ള താരങ്ങളാണ് ഒളിമ്പിക്‌സിൽ കളിക്കാനിറങ്ങുന്നത്. ടീമിൽ മൂന്ന് മുതിർന്ന താരങ്ങൾക്കും കളിക്കാം.
ഒളിമ്പിക്‌സ് ഫുട്‌ബോൾ സ്വർണ്ണം കിട്ടാക്കനിയായ ബ്രസീൽ ഇത്തവണ കരുതിയാണ് സ്വന്തം മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ഫൈനലിൽ കളിച്ചെങ്കിലും മെക്‌സിക്കോയോട് 2-1ന് പരാജയപ്പെട്ടു. 1984, 1988 ഗെയിംസുകളിലും അവർ ഫൈനലിൽ തോറ്റു. ഇത്തവണ സൂപ്പർതാരം നെയ്‌മറാണ് ടീമിന്റെ നായകൻ.
ഒളിമ്പിക്‌സ് സ്വർണ്ണമെന്ന ലക്ഷ്യം മുൻനിർത്തി കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് പോലും നെയ്‌മർ ഒഴിവാക്കിയിരുന്നു. രണ്ടു ടൂർണമെന്റുകൾക്കുമായി ബാഴ്‌സലോണ നെയ്‌മറെ വിട്ടുനൽകാൻ തയ്യാറായിരുന്നില്ല.
ബ്രസീലിനെപ്പോലെ തന്നെ സ്വർണ്ണം ലക്ഷ്യമിട്ടാണ് അർജന്റീനയും എത്തുന്നത്. ഇത്തവണ മൂന്നാം സ്വർണ്ണമാണ് അവർ ലക്ഷ്യമിടുന്നത്. 2004, 08 ഒളിമ്പിക്‌സുകളിലാണ് അവർ സ്വർണ്ണം നേടിയിട്ടുള്ളത്. 1928ലെയും 1996ലെയും രണ്ടാം സ്ഥാനക്കാരുമാണ് അർജന്റീന. മുതിർന്ന മൂന്നു താരങ്ങളെ പങ്കെടുപ്പിക്കാമെങ്കിലും സൂപ്പർ താരങ്ങളൊന്നും തന്നെ ടീമിൽ ഇല്ല എന്നത് തിരിച്ചടിയാകും. തുടരെ മൂന്നു ഫൈനലുകളിൽ തോറ്റതും മെസ്സിയുടെ വിരമിക്കലുമൊക്കെയായി ദുരിതത്തിലായ അർജന്റീനാ ഫുട്‌ബോളിന് ഈ സ്വർണത്തോട് ആഗ്രഹമേറും.
എന്നാൽ ലോക ഫുട്‌ബോളിലെ മറ്റ് സൂപ്പർ താരങ്ങളൊന്നും ഒളിമ്പിക്‌സിനെത്തുന്നില്ല. പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ, അർജന്റീനയുടെ ലയണൽ മെസ്സി (വിരമിച്ചു), സ്വീഡന്റെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ജർമ്മനിയുടെ തോമസ് മുള്ളർ തുടങ്ങിയവരൊന്നും തന്നെ റിയോയിലേക്കില്ല.
ഹംഗറിയാണ് ഒളിമ്പിക്‌സിൽ ഏറ്റവും നേട്ടമുണ്ടാക്കിയിട്ടുള്ളത്.
നാല് തവണ ഫൈനൽ കളിച്ച അവർ മൂന്നുതവണയും സ്വർണ്ണം നേടി. ഒരിക്കൽ വെങ്കലവും. ബ്രിട്ടണും മൂന്ന് സ്വർണ്ണം നേടിയിട്ടുണ്ട്.
അർജന്റീന, സോവിയറ്റ് യൂണിയൻ, ഉറുഗ്വെ എന്നീ രാജ്യങ്ങളിൽ രണ്ട് തവണ വീതവും യൂഗോസ്ലാവ്യ, പോളണ്ട്, സ്‌പെയിൻ, കിഴക്കൻ ജർമ്മനി, ചെക്കോസ്ലാവാക്യ, ഫ്രാൻസ്, നൈജീരിയ, സ്വീഡൻ, ഇറ്റലി, ബെൽജിയം, കാനഡ, കാമറൂൺ, മെക്‌സിക്കോ എന്ന ടീമുകൾ ഓരോ തവണയും സ്വർണ്ണം നേടി. മെക്‌സിക്കോയാണ് നിലവിലെ സ്വർണ്ണജേതാക്കൾ.
















