ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളോട് ഫലപ്രദമായി ബന്ധപ്പെടാന്‍ പര്യാപ്തമാകും വിധം സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും സംവേദനക്ഷമമായിരിക്കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. 2014 ബാച്ചിലെ മന്ത്രാലയ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ഇതുവരെയുള്ള പരിശീലനത്തിനിടയില്‍ ഹൃദിസ്ഥമാക്കിയതിനേക്കാള്‍ ഉപരിയായി നൈപുണ്യവും അറിവും വിപുലപ്പെടുത്താനുള്ള വലിയൊരു അവസരമാണ് കൈവന്നിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയോഗിക്കപ്പെടുന്ന വകുപ്പുകളിലെ തങ്ങളുടെ ജോലികളില്‍ മൂല്യവര്‍ദ്ധന വരുത്തിയും സ്വന്തം കഴിവുകള്‍ പരിപോഷിപ്പിച്ചും അടുത്ത മൂന്ന് മാസം വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ നിലവാരം ഉയര്‍ത്താന്‍ യുവ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. കേന്ദ്ര ഭരണത്തില്‍ ഒരു നിശ്ചിത സമയം പങ്കാളിയാകാന്‍ കഴിയുന്ന ഈ അവസരം മുന്‍ ബാച്ചുകാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര പേഴ്‌സണല്‍കാര്യ മന്ത്രി ഡോ. ജിതേന്ദ്ര സിങ്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















