മലപ്പുറം: ഫേസ്ബുക്കിലൂടെ ഐഎസ് അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിച്ച പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ഡിഗി സ്വദേശി വാഹിദ് ഷെയ്ഖ് (26) പിടിയിലായി. മലപ്പുറം വണ്ടൂര്‍ കുറ്റിയിലാണ് താമസം.
വണ്ടൂര്‍ എസ്‌ഐ പി.എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹിദിനെ കസ്റ്റഡിയിലെടുത്തത്. ഫോണില്‍ നിന്ന് ദേശീയപതാകയെ അപമാനിക്കുന്ന നിരവധി ചിത്രങ്ങളും ബംഗ്ലാദേശ് പതാകയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങളും കണ്ടെത്തി. ഐഎസിന്റെയും ജമ്മു കശ്മീരിലെ ഭീകരവാദസംഘടനകളുടെയും വെബ് സൈറ്റുകള്‍ ഇയാള്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഒരു വര്‍ഷമായി വാഹിദ് വണ്ടൂരിലുണ്ട്, ഇവിടെ കെട്ടിട നിര്‍മ്മണമേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. തദ്ദേശീയരായ ചിലര്‍ക്ക് ഫെയ്‌സ്ബുക്ക് റിക്വസ്റ്റ് അയച്ചതോടെയാണ് ഭീകരവാദ ബന്ധം പുറത്തുവരുന്നത്. വാഹിദിന്റെ ടൈംലൈനില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ കണ്ട ചിലര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ മലപ്പുറത്ത് രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്. കുറ്റിയില്‍ ഇയാള്‍ക്കൊപ്പം താമസിച്ചവരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
















