ന്യൂദൽഹി: ഷോട്ട്പുട്ട്താരം ഇന്ദ്രജിത് സിങ്ങിന് റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനാകില്ല. ഉത്തേജമരുന്ന് ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് റിയോ വാതിലുകൾ സിങ്ങിന് മുന്നിൽ പൂർണമായും അടഞ്ഞത്.
കഴിഞ്ഞ മാസം 22ന് നടന്ന എ സാമ്പിൾ പരിശോധനയിൽ ഇന്ദർജീത് പരാജയപ്പെട്ടതായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സ്ഥിരീകരിച്ചിരുന്നു. രണ്ടാം പരിശോധനയിലും പരാജയപ്പെട്ടതോടെ സിങ് നാലു വർഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ഉത്തേജകമരുന്ന് വിവാദത്തിൽ ഗുസ്തി താരം നർസിങ് യാദവിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. താരത്തിന്റെ അറിവോടെയോ അശ്രദ്ധമൂലമോ അല്ല ഉത്തേജകം അകത്ത് ചെന്നതെന്ന് തെളിയിച്ചാൽ ശിക്ഷയിൽ നിന്നൊഴിവാക്കാമെന്ന ചട്ടമാണ് നർസിങ്ങിന് തുണയായത്.
റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ താരമാണ് ഇന്ദർജിത്. കഴിഞ്ഞ വർഷത്തെ ഫെഡറേഷൻ കപ്പിലായിരുന്നു യോഗ്യത നേടിയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചത്. പിന്നീട് തുടർച്ചയായി മികച്ച പ്രകടനം നടത്തിയ സിങ് റിയോയിൽ ഏറെ പ്രതീക്ഷയായിരുന്നു.
ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ അത്‌ലറ്റിക് ഗ്രാൻപ്രീ എന്നിവയിൽ സ്വർണവും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിരുന്നു. ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാതെ സ്വന്തം പരിശീലകന് കീഴിലാണ് ഇന്ദർജിത് സിങ് റിയോ ഒളിമ്പിക്‌സിന് തയാറെടുത്തത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലും പരിശീലനം നേടിയിട്ടുണ്ട്.
















