റിയോ ഡി ജനീറോ: ലാറ്റനിമേരിക്കയിൽ അരങ്ങേറുന്ന ആദ്യ ഒളിമ്പിക്‌സിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. മുപ്പത്തിയൊന്നാമത് ലോക കായികമാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4.30നാണെങ്കിലും ഫുട്‌ബോൾ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 1896-ൽ ഏതൻസിലെ ആദ്യ ഒളിമ്പിക്‌സിലും 1932-ലെ ലോസ് ഏഞ്ചൽസിലും ഒഴികെ ബാക്കിയെല്ലാത്തിലും ഫുട്‌ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. വനിതാ ഫുട്‌ബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. പുരുഷ വിഭാഗം പോരാട്ടങ്ങൾ നാളെയും.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 9.30ന് സ്വീഡൻ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി 11.30ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ കാനഡ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ആതിഥേയരായ ബ്രസീലും ഇന്ന് കളത്തിലിറങ്ങും. അർദ്ധരാത്രി കഴിഞ്ഞ് 12.30ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ ഏഷ്യൻ കരുത്തരായ ചൈന. നാളെ പുലർച്ചെ നടക്കുന്ന മറ്റ് മത്സരങ്ങളിൽ സിംബാബ്‌വെ ജർമ്മനിയുമായും അമേരിക്ക ന്യൂസിലാൻഡുമായും ഫ്രാൻസ് കൊളംബിയയുമായും ഏറ്റുമുട്ടും.
ആകെ 12 ടീമുകളാണ് വനിതാ ഫുട്‌ബോളിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. മൂന്ന് ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് യോഗ്യത നേടും. 12, 13 തീയതികളിൽ ക്വാർട്ടർ ഫൈനലും 16, 17 തീയതികളിൽ സെമിയും 20ന് ഫൈനലും നടക്കും.
ഗ്രൂപ്പ് ഇയിൽ ബ്രസീൽ, ചൈന, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് എഫിൽ കാനഡ, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അമേരിക്ക, ഗ്രൂപ്പ് ജിയിൽ അമേരിക്ക, ഫ്രാൻസ്, ന്യൂസിലാൻഡ്, കൊളംബിയ ടീമുകളും മത്സരിക്കും.
ഒളിമ്പിക്‌സിൽ ആറാം തവണയാണ് വനിതാ ഫുട്‌ബോൾ അരങ്ങേറുന്നത്. മുൻപ് നടന്ന അഞ്ച് ഫൈനലിലും അമേരിക്ക കളിച്ചു. നാല് തവണ സ്വർണ്ണം നേടുകയും ചെയ്തു. 2000-ൽ സിഡ്‌നി ഒളിമ്പിക്‌സിൽ അമേരിക്കയെ അട്ടിമറിച്ച് നോർവേ സ്വർണ്ണം നേടി. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്കൻ വനിതകൾ ഹാട്രിക്ക് സ്വർണ്ണം തികച്ചത്. ഇത്തവണയും അമേരിക്കക്കുതന്നെയാണ് സാധ്യത കൂടുതൽ. ആതിഥേയരെന്ന നിലയിൽ ബ്രസീലിനും തുല്യസാധ്യത കൽപ്പിക്കപ്പെടുന്നു.
പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. ഈ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ ക്വാർട്ടറിൽ പ്രവേശിക്കും. 13, 14 തീയതികളിൽ ക്വാർട്ടറും 17, 18 തീയതികളിൽ സെമിയും 21ന് ഫൈനലും അരങ്ങേറും.
















