റിയോ ഡി ജനീറോ: ഇന്ത്യൻ ഒളിമ്പിക് സ്വപ്‌നങ്ങൾക്ക് നിറപ്പകിട്ടേകി ടെന്നീസ് താരം സാനിയ മിർസ ഗെയിംസ് വില്ലേജിലെത്തി. മോൺട്രിയലിൽ നടന്ന റോജേഴ്‌സ് കപ്പ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തശേഷമാണ് സാനിയ റിയോയിലെത്തിയത്.
വില്ലേജിലെത്തിയ സാനിയയയെ ഇന്ത്യൻ സംഘത്തലവൻ രാകേഷ് ഗുപ്ത സ്വീകരിച്ചു. ഒളിമ്പിക്‌സ് വില്ലേജിലെത്തുന്ന ആദ്യ ടെന്നീസ് താരമാണ് ഇന്ത്യൻ സൂപ്പർതാരം സാനിയ. വനിതാ ഡബിൾസിലും മിക്‌സഡ് ഡബിൾസിലുമാണ് സാനിയ പങ്കെടുക്കുക. വനിതാ ഡബിൾസിൽ പ്രാർത്ഥന തോംബറെയും മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയുമാണ് സാനിയക്കൊപ്പം ഇറങ്ങുക. ആഗസ്റ്റ് ആറിന് വനിതാ ഡബിൾസും 10ന് മിക്‌സഡ് ഡബിൾസും ആരംഭിക്കും. മൂന്നാം ഒളിമ്പിക്‌സിനാണ് സാനിയ ഇറങ്ങുന്നത്.
ടേബിൾ ടെന്നീസ് ടീം അംഗങ്ങളും കഴിഞ്ഞ ദിവസം റിയോയിലെത്തി. ശരത് കമാൽ, സൗമ്യജിത്ത് ഘോഷ്, മൗമ ദാസ്, മണിക ബത്ര എന്നിവരാണ് വില്ലേജിലെത്തിയത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവായ ശരത് കമാലിന്റെ മൂന്നാം ഒളിമ്പിക്‌സാണിത്. സൗമ്യജിത് രണ്ടാം തവണയാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. 2004ലെ ഏതൻസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത മൗമ ദാസിന്റെയും രണ്ടാം ഒളിമ്പിക്‌സാണ്. മണിക് ബത്ര ആദ്യമായാണ് ഒളിമ്പിക്‌സിനിറങ്ങുന്നത്.
അഭിനവ് ബിന്ദ്ര, ഹീന സിദ്ദു തുടങ്ങിയ ഷൂട്ടിങ് താരങ്ങളും ജിംനാസ്റ്റിക്‌സിൽ ആദ്യമായി യോഗ്യത നേടിയ ദീപ കർമാകറും ബോക്‌സിങ് താരം ശിവ് ഥാപ്പയും റിയോയിലെത്തി.
















