ടൊറന്റോ: പുരുഷ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച്, മൂന്നാം സീഡ് ജപ്പാന്റെ കി നിഷികോരി, 10-ാം സീഡ് ഫ്രഞ്ച്താരം ഗെയ്ൽ മോൺഫിൽസ് എന്നിവർ റോജേഴ്‌സ് കപ്പ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തി. വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ആഞ്ചലിക് കെർബർ, അഞ്ചാം സീഡ് സിമോണെ ഹാലെപ്പ്, 10-ാം സീഡ് മാഡിസൺ കെയ്‌സ്, സ്ലോവാക്യയുടെ സീഡ് ചെയ്യപ്പെടാത്ത ക്രിസ്റ്റിന കുകോവ എന്നിവരും അവസാന നാലിൽ. അതേസമയം വനിതാ ഡബിൾസിൽ ഒന്നാം നമ്പർ ജോഡികളായ ഇന്ത്യയുടെ സാനിയ മിർസ-സ്വിസ് താരം മാർട്ടിന ഹിംഗിസ് സഖ്യം ക്വാർട്ടർഫൈനലിൽ പുറത്ത്.
പുരുഷ വിഭാഗത്തിൽ അഞ്ചാം സീഡ് തോമസ് ബർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ദ്യോക്കോ അവസാന നാലിൽ ഇടംപിടിച്ചത്. സ്‌കോർ: 7-6 (8-6), 6-4. മോൺഫിൽസ് 6-4, 6-4 എന്ന സ്‌കോറിന് നാലാം സീഡ് മിലോസ് റാവോനിക്കിനെ അട്ടിമറിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ദ്യോക്കോ എതിരാളി.
നിഷികോരി ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രിയെ 6-3, 3-6, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. നാലാം സീഡ് സ്റ്റാനിസ്ലാവ് വാവ്‌റിങ്കയാണ് നിഷികോരിയുടെ സെമി എതിരാളി.
വനിതകളിൽ കെർബർ 6-2, 6-2 എന്ന ക്രമത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം ഡാരിയ കസാറ്റ്കിനയെ തകർത്തു മുന്നേറിയപ്പോൾ സിമോണ ഹാലെപ്പ് ഒമ്പതാം സീഡ് സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നു. സ്‌കോർ: 3-6, 6-1, 6-1. മറ്റ് മത്സരങ്ങളിൽ മാഡിസൺ കെയ്‌സ് റഷ്യൻ താരം അനസ്താസിയ പാവ്‌ല്യുചെങ്കോവിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ കീഴടക്കി. സ്‌കോർ: 7-6 (7-3), 1-6, 6-0.
















