ബെർലിൻ: വിഖ്യാത ജർമ്മൻ ഫുട്‌ബോൾ താരവും ക്യാപ്റ്റനുമായ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോകപ്പ് സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതോടെയാണ് രാജ്യന്താര മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ ജർമ്മൻ നായകൻ തീരുമാനിച്ചത്. ട്വറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ യൂറോ കപ്പിൽ ജർമ്മൻ ടീമിന്റെ നായകനും ഷ്വയ്ൻസ്റ്റീഗറായിരുന്നു. അതേസമയം ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് 31കാരനായ ഷ്വയ്ൻസ്റ്റീഗർ.
വിരമിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ തന്നെ ഭാവിയിൽ കൂടുതൽ മത്സരങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ജർമ്മൻ പരിശീലകൻ ജോക്വിം ലൗവിനോട് അഭ്യർത്ഥിച്ചതായും ഷ്വയ്ൻസ്റ്റീഗർ ട്വീറ്റ് ചെയ്തു. തന്റെ ആരാധകരോടും ടീമിനോടും ജർമ്മൻ ഫുട്‌ബോൾ അസോസിയേഷനോടും പരിശീലകരോടും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കലോടെ 12 വർഷത്തെ രാജ്യാന്തര കരിയറിനാണ് തിരശ്ശീല വീണത്.
ഇക്കാലയളവിൽ 120 തവണ ദേശീയ ജേഴ്‌സിയണിഞ്ഞു. 24 ഗോളുകളും നേടി. 2004 മുതൽ ഇക്കഴിഞ്ഞ 2016ലെ വരെ നാല് യൂറോ കപ്പിലും 2006, 2010, 2014 ലോകകപ്പുകളിലും ഷ്വയ്ൻസ്റ്റീഗർ ജർമ്മനിക്കായി ബൂട്ടുകെട്ടി. ബ്രസീൽ ലോകകപ്പിൽ ജർമ്മനിയുടെ കിരീടനേട്ടത്തിൽ ഷ്വയ്ൻസ്റ്റീഗർ മികച്ച പങ്കുവഹിക്കുകയും ചെയ്തു. 2004 ജൂണിൽ ഹംഗറിക്കെതിരെയാണ് ഷ്വയ്ൻസ്റ്റീഗർ ജർമ്മനിക്കായി ആദ്യ ജേഴ്‌സിയണിഞ്ഞത്. 2005-ൽ റഷ്യക്കെതിരെയാണ് ആദ്യ രാജ്യാന്തര ഗോൾ. യൂറോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരവും ഷ്വയ്ൻസ്റ്റീഗർ തന്നെ. 21 മത്സരങ്ങളിൽ കളിച്ച ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ ഒന്നാമത്.
ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിലായിരുന്നു ഷ്വയ്ൻസ്റ്റീഗർ കൂടുതൽ മികച്ചുനിന്നത്. 2002 മുതൽ 2015വരെ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി ലീഗ് ഉൾപ്പെടെ 500 മത്സരങ്ങളിൽ കളിച്ചെങ്കിലും 68 ഗോൾ മാത്രമാണ് നേടിയത്.
എന്നാൽ ഈ കാലയളവിൽ ബയേണിന്റെ പല കുതിപ്പുകൾക്കു പിന്നിലും ഷ്വയ്ൻസ്റ്റീഗർ എന്ന മിഡ്ഫീൽഡ് ജനറലിന്റെ കാലുകളായിരുന്നു. കഴിഞ്ഞ സീസണിലാണ് ഷ്വയ്ൻസ്റ്റീഗർ ബയേൺ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റിലേക്ക് ചേക്കേറിയത്. പ്രീമിയർ ലീഗിൽ 18 മത്സരങ്ങൾ ഉൾപ്പെടെ 31 കളികളിൽ ജർമ്മൻ ഇതിഹാസം യുണൈറ്റഡിനായി കളത്തിലിറങ്ങി. എന്തായാലും ഷ്വയ്ൻസ്റ്റീഗറുടെ വിരമിക്കൽ ജർമ്മൻ ടീമിന് തീരാ നഷ്ടം തന്നെയാണ്.
















