കൊച്ചി: ഈ വർഷത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ മാർക്വീതാരത്തെ പ്രഖ്യാപിച്ചു. വടക്കൻ അയർലൻഡ് മുൻ ക്യാപ്റ്റനും പ്രതിരോധനിരയിലെ കരുത്തനുമായ ആരോൺ ഹ്യൂഗ്‌സാണ് മാർക്വീ താരം. ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ഹ്യൂഗസ്. ഇക്കഴിഞ്ഞ യൂറോകപ്പ് ഉൾപ്പെടെ 103 മത്സരങ്ങളിലാണ് ഹ്യൂഗ്‌സ് ദേശീയ ജേഴ്‌സി അണിഞ്ഞത്. കഴിഞ്ഞ വർഷം ടീം തെരഞ്ഞെടുപ്പിലും മറ്റും ഏറെ പഴികേട്ട കേരള ബ്ലാസ്‌േറ്റഴ്‌സ് ഇത്തവണ നേരത്തെ തന്നെ മാർക്വീ താരത്തെ പ്രഖ്യാപിച്ചു.
1997-ൽ പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിലൂടെ 18-ാം വയസ്സിൽ കരിയർ ആരംഭിച്ച ഹ്യൂഗ്‌സ് പിന്നീട് ആസ്റ്റൺ വില്ലക്കും ഫുൾഹാമിനും ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സിനും ബ്രൈറ്റണും കളിച്ചു. 2015-16-ൽ മെൽബൺ സിറ്റിക്കും വേണ്ടി കളിച്ചശേഷമാണ് ഹ്യൂഗ്‌സ് ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്നത്. 2004-05 സീസൺ വരെ ന്യൂകാസിൽ തുടർന്ന ഹ്യൂഗ്സ് അവർക്കുവേണ്ടി പ്രീമിയർ ലീഗിലുൾപ്പെടെ 278 മത്സരങ്ങളിൽ പ്രതിരോധം കാത്തു. പിന്നീട് രണ്ട് സീസണിൽ ആസ്റ്റൺ വില്ലയിൽ. 2005-2007 വരെ അവിടെ തുടർന്ന താരം 64 മത്സരങ്ങളിലും കളിച്ചു. 2007 ജൂണിൽ ഹ്യൂഗ്‌സ് വില്ല വിട്ട് ഫുൾഹാമിലേക്ക് ചേക്കേറി. 2014വരെ അവിടെ തുടർന്ന് താരം 250 മത്സരങ്ങളിൽ പ്രതിരോധം കാത്തു. വിവിധ ക്ലബുകളിലായി 622 മത്സരങ്ങളിൽ പ്രതിരോധം കാത്ത ഹ്യൂഗ്‌സ് 11 ഗോളുകളും നേടി. 2010ൽ യൂറോപ്പ ലീഗ് ഫൈനൽ കളിച്ച ഫുൾഹാം ടീമിലും ഹ്യൂസ് അംഗമായിരുന്നു. അന്ന് അധികസമയത്ത് അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടു.
1998 മാർച്ച് 25ന് സ്ലോവാക്യക്കെതിരെ ദേശീയ ജേഴ്‌സിയിൽ അരങ്ങേറ്റം. 2002-ൽ സ്‌പെയിനിനെതിരെ ക്യാപ്റ്റനായി തുടക്കം. പിന്നീട് 2003-ൽ സ്ഥിരം നായകനായി നിയമിക്കപ്പെട്ട ഹ്യൂഗ്‌സ് 2011-ൽ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. ഹ്യൂഗ്‌സിന്റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ട്, സ്‌പെയിൻ, സ്വീഡൻ എന്നീ ടീമുകൾക്കെതിരെ വടക്കൻ അയർലൻഡ് വിജയം നേടി. ഇതിനിടെ പിടികൂടിയ പരിക്ക് വിട്ടുമാറാതെ വന്നതോടെ 2011 സെപ്തംബറിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 79 മത്സരങ്ങൾ കളിച്ചശേഷമായിരുന്നു വിരമിക്കൽ. എന്നാൽ 2012 ഫെബ്രുവരി 19ന് താൻ തിരിച്ചുവരികയാണെന്ന് ഹ്യൂഗ്‌സ് പ്രഖ്യാപിച്ചു. 10 ദിവസത്തിനുശേഷം നോർവേക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കളിക്കാനിറങ്ങുകയും ചെയ്തു.
















