ഒഹിയോ: സീസണ് മുന്നോടിയായുള്ള ഇന്റർ നാഷണൽ ചലഞ്ച് കപ്പ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന് തോൽവി. പിഎസ്ജിയാണ് സ്പാനിഷ് കരുത്തന്മാരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തത്.
ക്രിസ്റ്റിയാനോ, ഗരെത്ത് ബെയ്ൽ തുടങ്ങിയ സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയ റയലിനെതിരെ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ പിഎസ്ജി ലീഡ് നേടി. ജോനാഥൻ ഇകോനെയാണ് ആദ്യം ലക്ഷ്യം കണ്ടത്. പിന്നീട് 35, 40 മിനിറ്റുകളിൽ തോമസ് മ്യൂനിയറും ഗോൾ നേടിയതോടെ പിഎസ്ജി 3-0ന് മുന്നിൽ. നാല് മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റിയിലൂടെ മാഴ്‌സെലോ റയലിന്റെ ആശ്വാസഗോൾ നേടി. കഴിഞ്ഞ ദിവസം ഇന്റർമിലാനെയും പിഎസ്ജി ഇതേ സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു.
മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് തോൽവിയറിഞ്ഞു. ഷൂട്ടൗട്ടിലേക്ക് നീണ്ട കളിക്കൊടുവിൽ എസി മിലാനാണ് 5-3ന് ബയേണിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് സമനില പാലിച്ചു. ഷൂട്ടൗട്ടിൽ മിലാനായി കെയ്‌സുകി ഹോണ്ട, അലെസ്സാൻഡ്രോ മട്രി, ജുരാജ് കുക്ക, അലേസിയോ റൊമാങ്‌നോലി, ബൊണാവെൻച്വറ എന്നിവർ ഗോൾ നേടിയപ്പോൾ ബയേണിനായി ലക്ഷ്യം കണ്ടത് ഫിലിപ്പ് ലാം, ഡേവിഡ് അലാബ, ജുവാൻ ബെർനറ്റ് എന്നിവർ. റാഫീഞ്ഞയുടെ കിക്ക് പാഴായി.
മറ്റൊരു കളിയിൽ ചെൽസി, ലിവർപൂളിനെ 1-0ന് പരാജയപ്പെടുത്തി. പത്താം മിനിറ്റിൽ ഗ്യാരി കാഹില്‍ വിജയഗോൾ നേടി.
















