ആലപ്പുഴ: സര്‍ക്കാരിന്റെ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍, നമ്പര്‍ പ്ലേറ്റ് എന്നിവയിലെ ക്രമക്കേട് കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 293 കേസെടുത്തു. പിഴയായി 1,58,150 രൂപ ഈടാക്കി. അനധികൃതമായി പ്രദര്‍ശിപ്പിച്ച നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്യുന്നതിന് എട്ടു സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. നമ്പര്‍ പ്ലേറ്റുകള്‍ നിയമപ്രകാരം പ്രദര്‍ശിപ്പിക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആലപ്പുഴ ആര്‍ടിഒ അറിയിച്ചു.
















