കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ലീഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 117 റൺസിനെതിരെ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സിൽ 203 റൺസെടുത്തു. 86 റൺസിന്റെ ലീഡാണ് നേടിയത്. 47 റൺസെടുത്ത വോഗ്‌സ് ടോപ്‌സ്‌കോറർ. മിച്ചൽ മാർഷ് 31ഉം ക്യാപ്റ്റൻ സ്മിത്ത് 30ഉം റൺസെടുത്തു.
തുടർന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ശ്രീലങ്ക മഴയെത്തുടർന്ന് നേരത്തെ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 6 റൺസെടുത്തിട്ടുണ്ട്. രണ്ട് റൺസുമായി കൗശൽ സിൽവ ക്രീസിൽ. നാല് റൺസെടുത്ത കുശൽ പെരേര മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.
ഇന്നലെ 66ന് രണ്ട് എന്ന നിലയിൽ ആദ്യ ഇന്നിങ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിഞ്ഞില്ല. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും മൂന്നാം വിക്കറ്റ് നഷ്ടമായി. 30 റൺസെടുത്ത ക്യാപ്റ്റൻ സ്മിത്തിനെ ഹെറാത്തിന്റെ പന്തിൽ ചണ്ഡിമൽ സ്റ്റമ്പ് ചെയ്തു.
തൊട്ടുപിന്നാലെ 26 റൺസെടുത്ത ഉസ്മാൻ ഖവാജയെയും ഹെറാത്ത് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ 2ന് 68 എന്ന നിലയിൽ നിന്ന് നാലിന് 70 എന്ന നിലയിലേക്ക് വഴുതി. അഞ്ചാം വിക്കറ്റിൽ ആഡം വോഗ്‌സും മിച്ചൽ മാർഷും ചേർന്നതോടെയാണ് കംഗാരുക്കൾക്ക് നേരിയ ജീവൻ വച്ചത്. സ്‌കോർ 130-ൽ എത്തിയപ്പോൾ മാർഷിനെ സൻദകൻ ബൗൾഡാക്കി.
പിന്നീടെത്തിയവരിൽ സ്റ്റീവ് കീഫെ (23), മിച്ചൽ സ്റ്റാർക്ക് (11), നഥാൻ ലിയോൺ (17), പീറ്റർ നെവിൽ എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ഓസീസ് ഇന്നിങ്‌സ് 203-ൽ അവസാനിച്ചു.
ശ്രീലങ്കക്ക് വേണ്ടി അരങ്ങേറ്റക്കാരൻ സൻദകൻ, ഹെറാത്ത് എന്നിവർ നാലും നുവാൻ പ്രദീപ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.
















