ടുറിൻ: അർജന്റീനയുടെ വിഖ്യാത സ്‌ട്രൈക്കർ ഗൊൺസാലോ ഹിഗ്വയിൻ ഇനി മുതൽ ഇറ്റാലിയൻ ക്ലബ് ജുവന്റസിനായി ബൂട്ടണിയും. സീരി എ ക്ലബ് നാപ്പോളിയിൽ നിന്നുമാണ് ഹിഗ്വയിനെ ജുവന്റസ് സ്വന്തം പാളയത്തിലെത്തിച്ചിരിക്കുന്നത്. ഏകദേശം 663 കോടി രൂപക്ക് അഞ്ച് വർഷത്തെ കരാറിലാണ് ഹിഗ്വയിൻ ജുവന്റസിലെത്തിയത്.
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെയും സീരി എയിലെ ഏറ്റവും വലിയ ട്രാൻസ്ഫറുമാണ് ഹിഗ്വയിന്റേത്. റയൽ മാഡ്രിഡിന്റെ ഗരെത് ബെയ്‌ലും ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ഹിഗ്വയിനേക്കാൾ വിലകൂടിയ താരങ്ങൾ.
അർജന്റീന ക്ലബ് റിവർപ്ലേറ്റിലൂടെ കരിയർ തുടങ്ങിയ ഹിഗ്വയിൻ റയൽ മാഡ്രിഡ്, നാപ്പോളി ടീമുകൾക്ക് കളിച്ചശേഷമാണ് ജുവന്റസിലെത്തുന്നത്. 2007 മുതൽ 2013വരെ റയൽ മാഡ്രിഡിന്റെ സൂപ്പർ സ്‌ട്രൈക്കറായി വിലസിയ ഹിഗ്വയിൻ ലീഗിലും മറ്റ് മത്സരങ്ങളുമടക്കം 264 മത്സരങ്ങളിൽ നിന്ന് 121 ഗോളുകൾ നേടി.
ഇതിനിടെ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടിവന്ന താരം 2013-ൽ റയലിൽ നിന്ന് നാപ്പോളിയിലേക്ക് 304 കോടിരൂപയ്‌ക്ക് ചേക്കേറി. മൂന്ന് സീസണിൽ അവിടെ തുടർന്ന ഹിഗ്വയിൻ 146 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ സീരി എയിൽ നാപ്പോളിക്കായി 35 മത്സരങ്ങളിൽ നിന്ന് 36 ഗോൾ നേടിയ ഹിഗ്വയിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും സ്വന്തമാക്കി. സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തുമെത്തി.
ഒരു സീരി എ സീസണിൽ മുപ്പതിലധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാണ് ഹിഗ്വയിൻ. ഇതിന് മുമ്പ് 2005-06 സീസണിൽ ഫിയോറന്റീനക്കായി ലൂക്കാ ടോണി 31 ഗോളുകൾ നേടിയിരുന്നു. അർജന്റീനക്കായി 62 കളികളിൽ നിന്ന് 30 ഗോളുകളും ഈ സൂപ്പർ സ്‌ട്രൈക്കർ നേടിയിട്ടുണ്ട്. ഹിഗ്വയിന്റെ വരവോടെ ജുവന്റസിന്റെ കരുത്ത് കൂടുമെന്ന് ഉറപ്പ്.
















