ന്യൂദൽഹി: ഗുസ്തി താരം നർസിങ് യാദവിനു പിന്നാലെ ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങും ഉത്തേജകമരുന്ന് വിവാദത്തിൽ കുടുങ്ങി. ഇതോടെ, താരത്തിന്റെ റിയോ പ്രതീക്ഷകൾക്കു മങ്ങലേറ്റു. പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിരോധിത സ്റ്റിറോയ്ഡുകളുടെ അംശം ഇന്ദർജീത്തിന്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തിനുളളിൽ ബി സാമ്പിൾ സമർപ്പിക്കണമെന്ന് നാഡ നിർദേശിച്ചിട്ടുണ്ട്.
ജൂൺ 22ന് നടത്തിയ പരിശോധനയിലാണ് ഹരിയാനക്കാരനായ ഇന്ദർജീത് സിങ്ങിന്റെ ശരീരത്തിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) പുതിയ നിയമമനുസരിച്ച് ഇന്ദർജീത് സിങ്ങിന് നാലുവർഷത്തെ വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്.
റിയോ ഒളിമ്പിക്‌സിലേക്ക് ഫീൽഡ് അത്‌ലറ്റിക്‌സിൽ ആദ്യമായി യോഗ്യത നേടിയ ഇന്ത്യൻ താരമാണ് ഇന്ദർജീത്. കഴിഞ്ഞ വർഷം വുഹാനിൽ നടന്ന എഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രിക്‌സ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവകളിൽ സ്വർണ മെഡൽ ജേതാവ് കൂടിയാണ് ഇന്ദർജീത് സിങ്. 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ദർജീത് വെള്ളി നേടിയിരുന്നു.
എന്നാൽ സംഭവം ഗൂഢാലോചനയെന്ന് ഇന്ദർജീത് പ്രതികരിച്ചു. ഇതിനു മുൻപ് നടന്ന ഉത്തേജകമരുന്ന് പരിശോധനയിൽ ക്ലീൻ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. താൻ മെഡൽ നേടുമെന്ന് പലരും ഭയപ്പെടുന്നു. രാജ്യത്തിന് വേണ്ടി മരണം വരെ പോരാടുമെന്നും ഇന്ദർജീത് പറഞ്ഞു.
















