ലൗസേൻ: റിയോ ഒളിമ്പിക്‌സിൽ നിന്ന് 15 റഷ്യൻ താരങ്ങൾക്ക് വിലക്ക്. ഏഴ് നീന്തൽ താരങ്ങൾക്കും അഞ്ച് കനോയിങ് താരങ്ങൾക്കും മൂന്ന് തുഴച്ചിൽ താരങ്ങൾക്കുമാണ് വിലക്ക്. അന്താരാഷ്‌ട്ര നീന്തൽ അസോസിയേഷനായ ഫിനയാണ് റഷ്യൻ ടീമിനെ ഭാഗികമായി വിലക്കിയത്. ലണ്ടൻ ഒളിമ്പിക്‌സിലെ മൂന്ന് മെഡൽ ജേതാക്കളും വിലക്കിയവരിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം അമ്പെയ്‌ത്ത് ടീമിന് ഫെഡറേഷൻ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള അനുമതി നൽകി. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം നേരിടുന്ന താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം അതത് കായിക സംഘടനകൾക്ക് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വിട്ടുനൽകിയിരുന്നു.
അന്താരാഷ്‌ട്ര ഒളിമ്പിക് സമിതിയുടെ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ നീന്തൽ അസോസിയേഷൻ വാഡയുടെ റിപ്പോർട്ടിനെ പരിഗണിക്കുന്നുവെന്നും അറിയിച്ചു.
അതേസമയം അമ്പെയ്‌ത്ത്, അശ്വാഭ്യാസ ടീമുകൾക്ക് അതത് ഫെഡറേഷനുകൾ അനുമതി നൽകി. മൂന്നംഗ സംഘമാണ് അമ്പെയ്‌ത്തിൽ ഉള്ളത്. നേരത്തെ ജൂഡോ, ടെന്നിസ് ഫെഡറേഷനുകളും റഷ്യൻ താരങ്ങൾക്ക് മത്സരിക്കാനുള്ള അനുമതി നൽകിയിരുന്നു.
















