കുട്ടനാട്: ചമ്പക്കുളം ബിഎസ്എന്‍എല്‍ ജംക്ഷനില്‍ നിന്നു വൈശ്യംഭാഗത്തേക്കുള്ള റോഡ് നിര്‍മിക്കുന്നതിന്റെ ഭാഗമായി എഴുപതില്‍ ചീതക്കോട് തോടിനു കുറുകെ ആനന്ദ ഭവനം പാലത്തിന് സമീപം നിര്‍മിച്ചിരിക്കുന്ന മുട്ട് പൊളിക്കണമെന്ന ആവശ്യം ശക്തം.
2005ല്‍ ആണ് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് മുട്ട് നിര്‍മിച്ചത്. മുട്ട് നിര്‍മിച്ച വേളയില്‍ വെള്ളം ഒഴുക്കി വിടുന്നതിനായി തൂമ്പുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് വളരെ വേഗം ചെളി നിറഞ്ഞതോടെ ഒഴുക്ക് നിലയ്‌ക്കുകയായിരുന്നു. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന നിലയ്‌ക്ക് മുട്ടു പൊളിക്കാം എന്ന ഉറപ്പ് പഞ്ചായത്ത് അധികൃതര്‍ക്കു നല്‍കിയാണ് പൊതുതോടിനു കുറുകെ മുട്ടു നിര്‍മിച്ചത്.
പമ്പയാറ്റില്‍ നിന്ന് ചീതക്കോടിലേക്കുള്ള തോടിനു കുറുകെ മുട്ടു നിര്‍മിച്ചതോടെ തോടിന്റെ ഇരുകരകളിലുമായി താമസിക്കുന്ന 500ല്‍ അധികം കുടുംബങ്ങള്‍ കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുകയാണ്.
വര്‍ഷങ്ങളായി തോടിനു സമീപം താമസിക്കുന്നവര്‍ വെള്ളം വിലകൊടുത്തു പോലും വാങ്ങുന്നുണ്ട്. വര്‍ഷങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന തോട്ടിലെ വെള്ളം കറുത്ത് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.
















