എടത്വാ: യാതനക്കുള്ള പെന്‍ഷന്‍ വാങ്ങാന്‍ ഗുണഭോക്താക്കള്‍ക്ക് നരകയാതന. തകഴി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങാനാണ് ഗുണഭോക്താക്കള്‍ നരകയാതന അനുഭവിച്ചത്.
മണിയോര്‍ഡറില്‍ നിന്ന് പോസ്റ്റല്‍-ബാങ്ക് അകൗണ്ടിലേക്ക് പെന്‍ഷന്‍ വിതരണം മാറ്റി ഗുണഭോക്താക്കളെ ദുരിതത്തിലാക്കിയ നടപടിക്ക് പുറമേ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തിരിച്ചറിയല്‍ രേഖയുമായി നിര്‍ദ്ദിഷ്ഠ കേന്ദ്രങ്ങളില്‍ വിളിപ്പിച്ചാണ് വീണ്ടും ദുരിതത്തിലാക്കുന്നത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരും, വികലാംഗരും, ബുദ്ധിമാന്യം സംഭവിച്ചവരും മണിക്കൂറുകളോളം നിര്‍ദ്ദിഷ്ഠകേന്ദ്രത്തില്‍ ചിലവഴിക്കേണ്ട ഗതികേടിലാണ്. കഴിഞ്ഞ ദിവസം തകഴി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയുമായി പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് വായനശാലയില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
രാവിലെ തന്നെ വായനശാലയും പരിസര പ്രദേശങ്ങളും പെന്‍ഷന്‍കാരെ കൊണ്ടുനിറഞ്ഞു. പലരും കഷ്ടതകള്‍ സഹിച്ചാണ് കേന്ദ്രത്തില്‍ എത്തിയത്. വ്യദ്ധരെ ദുരിതത്തിലാക്കുന്ന നടപടിയെ ജനങ്ങള്‍ എതിര്‍ത്തിരുന്നു. പെന്‍ഷന്‍കാരുടെ കൈയില്‍ നിന്ന് മതിയായ രേഖകള്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ ഗുണഭോക്താക്കളെ വീണ്ടും വിളിപ്പിച്ചിരിക്കുകയാണ്.
മറ്റു പഞ്ചായത്തുകളില്‍ കുടുംബശ്രീയിലെ രണ്ട് അംഗങ്ങള്‍ വീതം ഓരോ വാര്‍ഡിലും പെന്‍ഷന്‍ വാങ്ങുന്നവരെ വീട്ടില്‍ചെന്നുകണ്ടാണ് വിവരം ശേഖരിക്കുന്നത്. വിവരശേഖരണത്തിനായി നിയോഗിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് ഐസിഡിഎസില്‍ നിന്ന് ദിവസവേതനം നല്‍കുന്നുണ്ട്. തകഴി പഞ്ചായത്തില്‍ മാത്ര ഇത്തരം നടപടി സ്വീകരിക്കാതെ യാതന അനുഭവിക്കുന്ന പെന്‍ഷന്‍കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിയിടുകയാണന്ന് ഗുണഭോക്താക്കള്‍ പറയുന്നു. വിതരണത്തിലെ പാളിച്ചയാണ് ഗുണഭോക്താക്കളെ വലക്കുന്ന മറ്റൊരു പ്രശ്‌നം.
ഗ്രാമീണ പോസ്റ്റോഫീസിലൂടെ മണിയോര്‍ഡര്‍ വഴി വീടുകളില്‍ എത്തിയിരുന്ന പെന്‍ഷന്‍ യാതൊരു ധാരണയുമില്ലാതെ അകൗണ്ടിലേക്ക് മാറ്റിയപ്പോള്‍ തുടങ്ങിയ പ്രശ്‌നമാണ് ഗുണഭോക്താക്കളെ വെട്ടിലാക്കിയത്. ബാങ്കുകളിലോ പോസ്റ്റോഫീസിലോ അകൗണ്ട് എടുത്തശേഷം അതാത് പഞ്ചായത്ത് ഓഫീസില്‍ അകൗണ്ട് നമ്പരും, തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും എത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. സാമ്പത്തിക നഷ്ടവും ശാരീരിക ബുദ്ധിമുട്ടും സഹിച്ച് അക്കൗണ്ട് തരപ്പെടുത്തിയിട്ടും തീര്‍ന്നില്ല ദുരിതം.
പോസ്റ്റോഫീസില്‍ എത്തിയ അകൗണ്ട് ലിസ്റ്റിലെ നമ്പരുകള്‍ പലതും തെറ്റായി രേഖപെടുത്തിയതോടെ ഗ്രാമീണ പോസ്റ്റല്‍ ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. പെന്‍ഷന്‍ വിതരണം പഴയപടി പോസ്റ്റോഫീസിലൂടെ മണിയോര്‍ഡറായി കിട്ടണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
















