ന്യൂദല്‍ഹി: കശ്മീരിലെ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ചുനാള്‍ ഏതാനും സ്ഥലങ്ങളില്‍ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ.
ആദ്യം സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനം അതിനു ശേഷം ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്‌നാഥ് സിങ്ങിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശത്തിനൊടുവിലാണ് ഈ നിര്‍ദ്ദേശവും നിലപാടും.
കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് വിഘടനവാദി സംഘടനകള്‍ ആരംഭിച്ച സംഘര്‍ഷത്തിന് അയവു വന്നു. നാലു ജില്ലകളിലെ നിരോധനാജ്ഞ പിന്‍വലിച്ചു.
ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവര്‍ണ്ണര്‍ എന്‍.എന്‍. വോറ എന്നിവരുമായും വിവിധ മേഖലകളിലുള്ള സംഘടനകളുമായും വ്യക്തികളുമായും രാജ്‌നാഥ്‌സിങ് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. അവരവരുടെ അഭിപ്രായം കേന്ദ്രആഭ്യന്തരമന്ത്രിക്ക് മുന്നില്‍ അവര്‍ വെച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം പിന്നീട് പരിശോധിക്കും. സംസ്ഥാനത്തിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായും വിഘടനവാദികളുമായും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
















