ന്യൂദൽഹി: ഭാരതത്തിന്റെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ 5 ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്‍ററില്‍ വെച്ച് ‘നാഷണല്‍ ആന്‍റി ഡോപിങ് ഏജന്‍സി’ നടത്തിയ പരിശോധനയിലാണ് നർസിങ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.
ആദ്യം നടത്തിയ ‘എ’ സാമ്പിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ‘ബി’ സാമ്പിള്‍ പരിശോധനക്ക് നര്‍സിങ് അനുമതി തേടിയിട്ടുണ്ട്. ബി സാമ്പിള്‍ പരിശോധനാ ഫലവും പോസിറ്റീവായാല്‍ നര്‍സിങ്ങിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും.
74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു.
















