ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് സുഹൃത്താണ് കോളെജ് അധികൃതരെയും വീട്ടുകാരെയും വിവരമറിയിച്ചത്. ഇന്ദ്രസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ട് നൽകി.
















