മുംബയ്: വിവാദ മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്ക് ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനു പുറമേ മറ്റു ചില സ്ഥാപനങ്ങളും നടത്തിയിരുന്നു. ഒന്ന് 2008ല്‍ തുടങ്ങിയ റൈറ്റ് പ്രോപ്പര്‍ട്ടി സൊല്യൂഷന്‍സ്, ലോങ്ങ്‌ലാസ്റ്റ് കണ്‍സ്ട്രക്ഷന്‍ എന്ന പേരുകളിലുള്ള രണ്ട് റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍. ഇയാളുടെയും ഭാര്യയുടേയും ഉപ്പയുടേയും പേരിലാണ് ഇവ തുടങ്ങിയത്. പക്ഷെ എട്ടുകൊല്ലമായി ഇതുവഴി ഒരു വരുമാനവും ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ പറയുന്നത്. പിന്നെന്തിന് ഇത്തരം സ്ഥാപനങ്ങള്‍ എന്നാണ് ചോദ്യം. ആകെ പുകമറയിലാണ് ഇവയും. വീഡിയോ ടെലിവിഷന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണക്കമ്പനിയാണ് മറ്റൊന്ന്. ഹാര്‍മണി മീഡിയ എന്ന പേരിലുള്ള ഇത് നല്ല വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനാണ് ഇവയെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇവയില്‍ ലോങ്ങ്‌ലാസ്റ്റ് എന്ന സ്ഥാപനം അര്‍ഷാദ് വഹേദ്‌ന, നൗഷാദ് നൂറാനി എന്നിവരടക്കം പലരില്‍ നിന്ന് ധാരാളം പണം വാങ്ങിയിട്ടുമുണ്ടെന്നാണ് രേഖകളില്‍. 2015 മാര്‍ച്ചുവരെ 14.8 കോടിയാണ് കടം വാങ്ങിയത്. ഒരു വരുമാനവുമില്ലാത്ത കമ്പനി എങ്ങനെ കടം വാങ്ങി, ഇത് എങ്ങനെ നിലനിന്നുപോകുന്നു തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട്. റൈറ്റ് പ്രോപ്പര്‍ട്ടിയും ഒരു പൈസ വരുമാനം ഉണ്ടായിട്ടില്ല. ഹാര്‍മണി 2008ല്‍ തുടങ്ങി, ആദ്യം വരുമാനം 4.7 കോടി. ഇന്ന് അത് 10.16 കോടിയായി.അതിനിടെ സക്കീറിന്റെ വിദേശ വരുമാനം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന സക്കീറിന്റെ തീരുമാനം നടപടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണെന്ന ധാരണ പടര്‍ന്നിട്ടുണ്ട്.
















