ന്യൂദല്‍ഹി: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു വിഭാഗങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഭാരതത്തിന് വികസനം സാധ്യമാകൂവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ദൽഹിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുടേയും ആഭ്യന്തര മന്ത്രിമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആഭ്യന്തര സുരക്ഷയിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും സർക്കാർ തയ്യാറല്ല. ആഭ്യന്തര കാര്യങ്ങളിൽ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ സംസ്ഥാനങ്ങളും കേന്ദ്രവും സഹകരിച്ച് പ്രവർത്തിക്കണം. എങ്കിൽ മാത്രമെ രാജ്യത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കി നൽകാനാവു.
പതിനാലാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറത്ത് പഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന 2,70,000 രൂപ നല്‍കുമെന്നും മോദി പറഞ്ഞു. നിര്‍ബന്ധിത വനവല്‍ക്കരണ ഫണ്ടില്‍ നിന്ന് 40,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്നതെന്നും മോദി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ബില്ല് രാജ്യസഭയില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മോദി സംസ്ഥാനങ്ങളെ അറിയിച്ചു.
മണ്ണെണ്ണയുടെ ഉപഭോഗം കുറയ്‌ക്കണമെന്നും ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൗണ്‍സില്‍ പ്രധാനമായും ചര്‍ച്ചയ്‌ക്കുള്ള വേദിയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള വേദിയായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പതിറ്റാണ്ടിന് ശേഷമാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.
കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിനെത്തിയില്ല.
















