ന്യൂദല്‍ഹി: അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ പതിനൊന്നാമത് യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടക്കും. രാഷ്‌ട്രപതി ഭവനിലെ വെസ്റ്റ് ഹാള്‍ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 10.15നാണ് യോഗം ആരംഭിക്കുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയാണ് അന്തര്‍ സംസ്ഥാന കൗണ്‍സിലിന്റെ ചെയര്‍മാന്‍. പത്തുവര്‍ഷത്തിന് ശേഷമാണ് അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 31 മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രി ദല്‍ഹിയിലെത്തി.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള പുഞ്ചി കമ്മീഷന്‍ ശുപാര്‍ശകള്‍, സബ്‌സിഡി വിതരണത്തിനും പൊതുസേവനങ്ങള്‍ക്കും ആധാറിന്റെ ഉപയോഗം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തല്‍, ആഭ്യന്തര സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന് പുറമേ ജിഎസ്ടി ബില്‍ രാജ്യസഭയില്‍ പാസാകാതെ കിടക്കുന്നതു മൂലം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന കോടികളുടെ വരുമാന നഷ്ടം, നികുതി പരിഷ്‌ക്കരണം തുടങ്ങിയ നിര്‍ണ്ണായക വിഷയങ്ങളുമുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഉറപ്പിക്കാന്‍ യോഗം സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശത്തെ അഡ്മിനിസ്േ്രടറ്റര്‍മാര്‍, ആറ് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍, 11 സഹമന്ത്രിമാര്‍ എന്നിവര്‍ സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. അന്തര്‍ സംസ്ഥാന സമിതിയുടെ കഴിഞ്ഞ യോഗം 2006 ഡിസംബര്‍ ഒമ്പതിനാണ് ചേര്‍ന്നത്.
















