ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. മൂന്നു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ക്ക് പണക്കൈമാറ്റം (കാഷ് ട്രാന്‍സാക്ഷന്‍) വിലക്കണമെന്നാണ് സംഘത്തിന്റെ സുപ്രധാന നിര്‍ദ്ദേശം.
സ്വകാര്യ വ്യക്തികള്‍ക്ക് കൈവശം വയ്‌ക്കാവുന്ന പണം 15 ലക്ഷമായി നിജപ്പെടുത്തണമെന്നും ജസ്റ്റീസ് (റിട്ട) എം.ബി. ഷാ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം പലരും സൂക്ഷിക്കുന്നുണ്ടെന്നും അത് പണമായിത്തന്നെ കൈമാറ്റം ചെയ്യുന്നുണ്ടെന്നും സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള വ്യവസ്ഥകളും വിദേശരാജ്യങ്ങളിലുള്ള നിയമങ്ങളും കോടതിവിധികളും പരിശോധിച്ച ശേഷമാണ് നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പരിധി വേണമെന്ന് വ്യക്തമായത്, എസ്‌ഐടി പത്രക്കുറിപ്പില്‍ പറഞ്ഞു.
മൂന്നു ലക്ഷത്തിനുമേലുള്ള ഇടപാടുകളില്‍ ഒരു തരത്തിലും നേരിട്ടുള്ള പണക്കൈമാറ്റം അനുവദിക്കരുത്. (ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് വഴിയുള്ള കൈമാറ്റം എന്നിവ മാത്രം). ഇതിനു മുകളിലുള്ള പണക്കൈമാറ്റം നിയമവിരുദ്ധമായി കണ്ട് ശക്തമായ നിയമം രൂപീകരിക്കണം. ഈ നിയമം ശക്തവും ഫലപ്രദവും ആകണമെങ്കില്‍ വ്യക്തികള്‍ക്ക് കൈയില്‍ വയ്‌ക്കാന്‍ കഴിയുന്ന തുകയ്‌ക്ക് പരിധി നിശ്ചയിക്കണം. ഇത് 15 ലക്ഷമായി നിശ്ചയിക്കണം. വ്യക്തിക്കോ സ്ഥാപനത്തിനോ കൂടുതല്‍ തുക കൈയില്‍ വയ്‌ക്കണമെന്നുണ്ടെങ്കില്‍ അതിന് ആദായനികുതിവകുപ്പധികൃതരില്‍ നിന്ന് പ്രത്യേക അനുമതി തേടിയിരിക്കണം, റിപ്പോര്‍ട്ടില്‍ പറയുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം കള്ളപ്പണത്തിന് എതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. വിദേശത്തുനിന്നും രാജ്യത്തിനുള്ളില്‍നിന്നും കോടികളുടെ കള്ളപ്പണം കണ്ടെത്തുകയും ചെയ്തിരുന്നു.
രണ്ടുവര്‍ഷം കൊണ്ട് ആദായ നികുതി മന്ത്രാലയം രാജ്യത്തിനുള്ളില്‍ നിന്ന് 43,000 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇതില്‍ 21,000 കോടി ആദായ നികുതി വകുപ്പ് കണ്ടെത്തിയതും ബാക്കി 22,000 കോടി മറ്റു റെയ്ഡുകളില്‍ കണ്ടെത്തിയതുമാണ്. വിദേശരാജ്യങ്ങളില്‍ നിന്ന കണ്ടെത്തിയ 13,000 കോടി രൂപയുടെ കള്ളപ്പണമുള്‍പ്പെടെ ആകെ 56,000 കോടി രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
















