സത്യവും ധര്‍മ്മവും സര്‍വ്വനിയന്താവായ ജഗദീശ്വരന്റെ കല്പിതം അഥവാ ഉദ്ദേശ്യമാകുന്നു. ലോകം ആകമാനം ഈ മഹത്തായ സന്ദേശത്തെ ഏതു കാലത്തും യഥാര്‍ത്ഥമായി സ്വീകരിക്കയും വിശ്വാസയോഗ്യമായി പ്രവര്‍ത്തിക്കയും സല്‍ഫലം അതിയോഗ്യമായി അനുഭവിക്കയും ചെയ്യേണ്ടതാകുന്നു.
സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതനായ സര്‍വ്വേശ്വരന്‍ ലോകത്തെ സൃഷ്ടിച്ചത് ധര്‍മ്മത്തിനായിക്കൊണ്ട് മാത്രമാകുന്നു എന്ന് പ്രകൃതി മാഹാത്മ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നു. എങ്ങനെയെന്നാല്‍ ഒരു ശരീരത്തിലുള്ള അവയവങ്ങള്‍ എല്ലാം തന്നെ ആ ശരീരത്തിന്റെ രക്ഷയെ ഉദ്ദേശിച്ചിട്ട് മാത്രമാകുന്നു ഉണ്ടായിട്ടുള്ളത്. ആര്‍ക്കും സ്വയാനുഭവത്തില്‍പ്പെട്ടിരിക്കുന്നുവല്ലോ. ഇതു പോലെ ഈശ്വരന്‍ ബോധസ്വരൂപനാകുന്നു. തന്റെ അവയവങ്ങളായിട്ടാകുന്നു ഈ ലോകം ഒട്ടാകെ തന്നില്‍ നിന്നും തന്നിലേക്കായി സൃഷ്ടിച്ചിരിക്കുന്നത്.
ബോധം തന്നെയാണാദിയില്‍; ബോധത്തില്‍ നിന്നാണ് ലോകം; ബോധത്തിലേക്കാണ് ലോകപ്രകൃതി ഗമിച്ചു കൊണ്ടിരിക്കുന്നത് എന്നുള്ള ബോധം ഏതു കാലത്തും പ്രകൃതിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. ഇതു തന്നെ ഈശ്വരസ്ഥിതി. അതിനാല്‍ പ്രകൃതിലോകത്തിന് തെറ്റുവാന്‍ സാധിക്കുന്നില്ല.
ഈ ഈശ്വര കല്പിതം മാറ്റുവാനും മറിക്കുവാനും സാദ്ധ്യമല്ല. തന്മൂലം പ്രകൃതി ഒന്നും തന്നെ ഈശ്വരഹിതത്തിനല്ലാതെ മറ്റൊന്നിനായിട്ടിരിക്കുന്നില്ല. യഥാര്‍ത്ഥം ഇങ്ങനെയിരിക്കെ സര്‍വ്വവും തങ്കല്‍ നിന്നും തങ്കലേക്കാണെന്നുള്ള ബോധം ഇല്ലാത്ത മനുഷ്യന്‍ ബോധഹീനന്‍ അല്ലെങ്കില്‍ അജ്ഞാനി ആകുന്നു. ഇതു തന്നെ കലിയുഗം.
















