ന്യൂദൽഹി: അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഭാരതത്തിലെത്തി ദീർഘകാല വിസയിൽ താമസിക്കുന്ന ഹിന്ദുക്കൾ, സിക്കുകാർ, ബുദ്ധമതക്കാർ, ജൈനാർ, പാർസികൾ, ക്രിസ്ത്യാനികൾ തുടങ്ങിയ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.
രാജ്യത്ത് ദൈനംദിന ജീവിതത്തിൽ ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, സ്വയം തൊഴിലിൽ ഏർപ്പെടുന്നതിനും അതിനായി വസ്തു വാങ്ങുന്നതിനും, ഡ്രൈവിങ്ങ് ലൈസൻസ്, ആധാർ, പാൻ കാർഡ് എന്നിവ സ്വന്തമാക്കുന്നതിനും ഇവർ അനുഭവിച്ചിരുന്ന തടസ്സങ്ങൾ നീങ്ങി കിട്ടും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ദീർഘകാല വിസ പേപ്പറുകൾ മാറ്റുന്നതിനും അനുമതി ലഭിക്കും.
ഹ്രസ്വകാല, ദീർഘകാല വിസകൾ കൃത്യ സമയത്ത് പുതുക്കാത്തതിന് ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ താമസിക്കുന്ന ഇടത്തേക്ക് അനുമതി കൂടാതെയാണ് എത്തിയതെങ്കിലും അവിടെ നിന്നു തന്നെ ദീർഘകാല വിസയ്‌ക്കായി അപേക്ഷിക്കുന്നതിനുള്ള അനുമതിയും ഈ വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഭാരത പൗരത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 3000 മുതൽ 15000 രൂപ വരെയായിരുന്നത് 100 രൂപയായി കുറയ്‌ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ന്യൂനപക്ഷ വിഭാഗങ്ങളെ ഭാരത പൗരന്മാരായി രജിസ്റ്റർ ചെയ്യുന്നതിന് റായ്‌പൂർ, അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച്, ഭോപ്പാൽ, ഇൻഡോർ, നാഗ്പൂർ, മുംബൈ, പൂനെ, താനേ, പശ്ചിമ ഡൽഹി, ദക്ഷിണ ഡൽഹി, ജോധ്പൂർ, ജയ്‌സാൽമേർ, ജയ്‌പൂർ, ലഖ്‌നോ എന്നീ ജില്ലകളിലെ കളക്ടർമാരെ രണ്ടു വർഷത്തേക്ക് അധികാരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
















