ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ജേര്‍ണലിസം സ്ഥാപനമായ ഇന്റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ കല്‍പ്പിത സര്‍വ്വകലാശാല പദവി ലഭിക്കും. ഇതു സംബന്ധിച്ച പദ്ധതിക്ക് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്കി.
ജൂണ്‍ 21ന് ചേര്‍ന്ന ഐഐഎംസി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡീംഡ് യൂണിവേഴ്സിറ്റി പദവി സംബന്ധിച്ച ശുപാര്‍ശ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. വെങ്കയ്യ നായിഡു മന്ത്രാലയ ചുമതല ഏറ്റെടുത്ത ഉടന്‍ തന്നെ ഡീംഡ് സര്‍വ്വകലാശാല പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു.
മലയാളിയായ കെ.ജി സുരേഷ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐഐഎംസിയില്‍ നിരവധി മികച്ച പരിഷ്ക്കരണങ്ങള്‍ നടത്തിവരികയാണ്. ദല്‍ഹിയിലെ ആസ്ഥാനത്തും കേരളത്തില്‍ കോട്ടയം അടക്കമുള്ള അഞ്ച് സബ്സെന്ററുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പ്രാദേശിക ഭാഷകളില്‍ ജേര്‍ണലിസം കോഴ്സുകള്‍ ആരംഭിച്ചും സ്ഥാപനത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ്.
മികച്ച നടപടികള്‍ വന്നതോടെ ഇത്തവണ പ്രവേശനത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികളും എത്തിയിട്ടുണ്ട്.
പൂനെയിലെ ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ), കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ആര്‍എഫ്ടിഐ) എന്നീ സ്ഥാപനങ്ങളെ ഐഐംഎസിയില് ലയിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പദ്ധതി കിടപ്പുണ്ട്.
















