ഔറംഗാബാദ്: ഇംഗ്ലീഷ് അക്ഷരമാല തെറ്റിച്ചതിന് ആറു വയസുകാരിയെ വായിൽ ഉള്ളി തിരുകി പിതാവ് ശ്വാസം മുട്ടിച്ചുകൊന്നു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലുള്ള ബാലാപൂർ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ആരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്.
രാത്രിയില്‍ അച്ഛന്‍ മകൾ ഭാരതിയുടെ ഹോംവർക്കുകൾ പരിശോധിക്കുന്നതിനിടെ ഇംഗ്ലീഷ് അക്ഷരമാല പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അക്ഷരമാല ഇടയ്‌ക്ക് തെറ്റിയതോടെ അച്ഛന്‍ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. പലതവണ പെണ്‍കുട്ടിയെ അടിച്ച അച്ഛന്‍ കലിയടങ്ങാതെ ഉള്ളി വായില്‍ തിരുകിക്കയറ്റി. വലിയ ഉള്ളി തൊണ്ടയില്‍ കുടുങ്ങിയതോടെ ആറുവയസുകാരി പ്രാണവായുകിട്ടാതെ അമ്മയ്‌ക്കും രണ്ടുവയസായ സഹോദരനും മുന്നില്‍ മരിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയിലൂടെ കുട്ടിയെ മറവുചെയ്ത സ്ഥലം കണ്ടെത്തി മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പിതാവിന്റെ നടപടി തങ്ങളെ ഞെട്ടിച്ചെന്നും അതിക്രൂരമാണെന്നും പോലീസ് ഓഫീസര്‍ എസ് ബി റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം മറച്ചുവയ്‌ക്കാനും സഞ്ജയ് ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞയിടത്തെത്തിച്ച് മറവു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ബന്ധുക്കളോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
















