തിരുവനന്തപുരം: ഐഎസ് കേന്ദ്രങ്ങളിൽ എത്തി എന്ന് കരുതപ്പെടുന്നവരുടെ തിരോധാനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി കാണുമെന്ന് കേന്ദ്ര സമൂഹ്യനീതി മന്ത്രി താവർ ചന്ദ് ഗെഹ്‌ലോട്ട്. തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷയുടെ മാതാവ് ബിന്ദുവിന്റെ നിവേദനം സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിവേദനം ഇന്നു തന്നെ പ്രധാനമന്ത്രിക്ക് കൈമാറും. വിദേശകാര്യമന്ത്രി സുഷമസ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ ശ്രദ്ധയിലും പെടുത്തും. കേന്ദ്രമന്ത്രിസഭ ഈ കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒ.രാജഗോപാൽ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ആറ്റുകാൽ വാർഡ് കൗൺസിലർ ബീന എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
















