ഹൈദരാബാദ്: ഐഎസിന്റെ ഹൈദരാബാദ് തലവന്‍ യാസിര്‍ നൈമത്തുള്ളയും ഐഎസിന് വേണ്ടി പണം സമാഹരിക്കുന്ന മുഹമ്മദ് അദാവുള്ള റഹ്മാനും എന്‍ഐഎയുടെ പിടിയിലായി. ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഐഎസ് അനുകൂലികളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റും.
മുഹമ്മദ് അദാവുള്ള റഹ്മാന്‍ ഗൂഢാലോചനയില്‍ മുഖ്യ പങ്കാളി ആയിരുന്നു. സംഘാംഗങ്ങളെ കൂടുതല്‍ തീവ്രാശയങ്ങളിലേയ്‌ക്ക് നയിച്ചിരുന്നത് ഇയാളായിരുന്നു. അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് കൂറ് പുലര്‍ത്തുമെന്ന ബയാഹ് പ്രതിജ്ഞയും ഇയാള്‍ സംഘാംഗങ്ങളെ കൊണ്ട് ചെയ്യിച്ചിരുന്നു എന്നാണ് സൂചന.
നൈമത്തുള്ള ഐഎസിന്റെ അമീര്‍ ആയിട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് വന്‍ കലാപം സൃഷ്ടിയ്‌ക്കാനാണ് ഐഎസ് സംഘം പദ്ധതിയിട്ടിരുന്നത്. നേരത്തെ പിടിയിലായ യുവാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയിട്ടുള്ളത്.
അറസ്റ്റിലായ യുവാക്കള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസാദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. ഭീകരരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംഎല്‍എ റ്റി. രാജാ സിംഗ് ആവശ്യപ്പെട്ടു.
















