ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ധന, കമ്പനികാര്യ മന്ത്രാലയങ്ങളിലുള്ള രേഖകളും കോണ്‍ഗ്രസിന്റെ ബാലന്‍സ് ഷീറ്റും വിളിച്ചുവരുത്താനുള്ള വിചാരണക്കോടതി ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. സോണിയ, രാഹുല്‍, മോട്ടിലാല്‍ വോറ, ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാം പിത്രോദ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.
ധനമന്ത്രാലയം, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളും കോണ്‍ഗ്രസിന്റെ 2010 – 2011ലെ ബാലന്‍സ് ഷീറ്റും വിളിച്ചുവരുത്തി പരിശോധിക്കാന്‍ ഡോ.സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസിലാണ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ സോണിയയും രാഹുലും കൂട്ടരും നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസില്‍ ഇവ വിളിച്ചുവരുത്തേണ്ട കാര്യമില്ലെന്നും വിചാരണക്കോടതി ചിന്തിക്കാതെയാണ് ഇവ വിളിച്ചുവരുത്താന്‍ ഉത്തരവിട്ടതെന്നുമുള്ള, പ്രതികളുടെ അഭിഭാഷകരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് രൂപീകരിച്ച അസോഷ്യേറ്റഡ് ജേണല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് നടത്തിയിരുന്നത്. ക്രമേണ പത്രം നിലച്ചു. ദല്‍ഹിയില്‍ ഇവര്‍ക്കുണ്ടായിരുന്ന കോടാനുകോടികളുടെ സ്വത്ത് ചുളു വിലയ്ക്ക് സോണിയ, രാഹുല്‍ എന്നിവരടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യയെന്ന ട്രസ്റ്റ് തന്ത്രപൂര്‍വ്വം തട്ടിയെടുത്തുവെന്നാണ് കേസ്.
പത്രം നവീകരിക്കാനെന്ന പേരില്‍ വെറും 50 ലക്ഷം രൂപ മാത്രം നല്‍കിയാണ് 91 കോടിയുടെ സ്വത്ത് ഇവരുടെ ട്രസ്റ്റ് സ്വന്തമാക്കിയത്. ആ 50 ലക്ഷം പോലും കോണ്‍ഗ്രസിനെക്കൊണ്ടാണ് മുടക്കിച്ചത്. ഇതിലെ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഡോ.സ്വാമി ഹര്‍ജി നല്‍കിയിരുന്നത്. ഇക്കാര്യം കൂടുതല്‍ വ്യക്തമാകാന്‍ കോണ്‍ഗ്രസിന്റെ ബാലന്‍സ് ഷീറ്റും കൈമാറ്റവുമായി ബന്ധപ്പെട്ട് ധന, കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകളും വിളിച്ചുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം അംഗീകരിച്ച വിചാരണക്കോടതി ഇവ വിളിച്ചുവരുത്താന്‍ ഉത്തരവിട്ടിരുന്നു. സത്യം പുറത്താകുമെന്ന് കണ്ട പ്രതികള്‍ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുകയും അനുകൂല വിധി സമ്പാദിച്ചെടുക്കുകയുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഡോ.സ്വാമി പറഞ്ഞു.
















