ന്യൂദല്‍ഹി: വിദ്യാഭ്യാസം രാഷ്‌ട്രീയ വിഷയമല്ല, ദേശീയ വിഷയമാണെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ബിജെപി, കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ ഉള്‍പ്പെടെ ഏതെങ്കിലും പാര്‍ട്ടിയുടെ കാര്യമല്ല അതെന്നും രാജ്യത്തിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഭാരത് നീതി, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാവദേക്കര്‍.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം ഇല്ലാതാക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ ഭരണം കൊണ്ട് സാധിച്ചതായി ഭാരത നീതി രക്ഷാധികാരി മുരളീധര്‍ റാവു പറഞ്ഞു. ലോകത്തിനായി ഭാരതത്തിനെന്തു നല്‍കാന്‍ സാധിക്കുമെന്നാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നതെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സഹസംഘടനാ സെക്രട്ടറി മുകുള്‍ കനിത്കര്‍ പറഞ്ഞു.
അധ്യാപകരുടെ നിലവാരം ഉയര്‍ത്തുക വഴി വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി കൊണ്ടുവരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആനന്ദപ്രദായകമായ വിദ്യാഭ്യാസ പ്രക്രിയ നടപ്പാകണമെന്നും മുകുള്‍ കനിത്കര്‍ പറഞ്ഞു. എന്‍സിഇആര്‍ടി മുന്‍ ചെയര്‍മാന്‍ ഡോ. ജെ.എസ് രാജ്പുത്, ഭാരത് നീതി കോര്‍ഡിനേറ്റര്‍ അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
















