അക്രമികള്‍ സുരക്ഷാ സേനയെ കല്ലെറിയുന്നു
ശ്രീനഗര്‍: കൊടും ഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയുടെ വധത്തിന്റെ മറവില്‍ പാക്കനുകൂലികള്‍ ജമ്മു കശ്മീരില്‍ അഴിച്ചുവിട്ട അക്രമങ്ങളും സംഘര്‍ഷവും തുടരുന്നു. അക്രമത്തിലും വെടിവയ്പ്പിലും മരിച്ചവര്‍ മുപ്പത്തിരണ്ടായി. 1365 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലാം ദിവസവും പലയിടങ്ങൡലും അക്രമങ്ങള്‍ അരങ്ങേറി. നിരോധനാജ്ഞയും മൊബൈല്‍, ഇന്റര്‍നെറ്റ് വിലക്കും തുടരുകയാണ്. അതേസമയം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
പോലീസിനെ കണ്ടു ഭയന്നോടിയ ഒരാളും ഭയന്ന് അമിതവേഗതയില്‍ കാറോടിച്ച ഒരാളും അടക്കം ഏഴു പേരാണ് തിങ്കളാഴ്ച മരിച്ചത്. അക്രമം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അനന്തനാഗില്‍ 15 പേരും കുല്‍ഗാമില്‍ ഏഴു പേരും ഷോപ്പിയാനില്‍ നാലു പേരും പുല്‍വാമയില്‍ മൂന്നു പേരും ശ്രീനഗറില്‍ ഒരാളുമാണ് മരിച്ചത്.
പരിക്കേറ്റ 1365 പേരില്‍ 279 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്തു വില കൊടുത്തും ഭീകരത അടിച്ചമര്‍ത്താനാണ് കേന്ദ്രം സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
2010ലും ഇതുപോലെ വന്‍തോതില്‍ അക്രമം അരങ്ങേറിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ അക്രമികള്‍ ഞങ്ങളെ പിന്തിരിപ്പിക്കില്ല. അക്രമം അഴിച്ചുവിടുകയും പോലീസിനെയും സൈന്യത്തെയും ആക്രമിക്കുന്ന അവര്‍ക്ക് എതിരെ തിരിച്ചടിക്കുകതന്നെ ചെയ്യും. ഒരു സൈനികോദ്യോഗസ്ഥന് പറഞ്ഞു.
ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തില്‍ പാക്കിസ്ഥാന് ഇടപെടരുതെന്ന്
കേന്ദ്രം, അമേരിക്ക
ന്യൂദല്‍ഹി: കൊടും ഭീകരന് ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ ആശങ്ക പ്രകടിപ്പിച്ച പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. വാനിയുടെ വധവും അതുമായി ബന്ധപ്പെട്ട് കശ്മീരിലുണ്ടായ സംഘര്‍ഷവും തികച്ചും ആഭ്യന്തര കാര്യമാണ്. പാക്കിസ്ഥാന് അതില്‍ ഇടപെടരുത്. കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഭീകരതയും പാക്കിസ്ഥാനുമായുള്ള ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് അവരുടെ പ്രസ്താവന. അയല്‍ക്കാരുടെ ആഭ്യന്തരകാര്യത്തില്‍ പാക്കിസ്ഥാന് ഇടപെടരുത്. വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് തുറന്നടിച്ചു.
കശ്മീരും അവിടെയുണ്ടായ സംഘര്‍ഷവും ഭാരതത്തിന്റെ ആഭ്യന്തരപ്രശ്നമാണെന്ന് അമേരിക്ക. അതില്‍ പാക്കിസ്ഥാന് ഇടപെടേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരിക്കുന്നത്.പ്രശ്നം ഭാരതം സമാധാനപരമായി പരിഹരിക്കണം. യുഎസ് വക്താവ് പറഞ്ഞു.
















