മുംബൈ: സൗദി അറേബ്യയില്‍നിന്ന് ഇന്നലെ എത്തുമെന്നു പറഞ്ഞ വിവാദ മുസ്ലിം പ്രഭാഷകന്‍ സക്കീര്‍ നായിക്ക് യാത്ര നീട്ടി. തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും, ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുമെന്നും പറഞ്ഞിരുന്ന സക്കീര്‍, സ്ഥിതി ഗുരുതരമെന്നു കണ്ടതോടെയാണ് വരേണ്ടെന്നു തീരുമാനിച്ചത്.
ബംഗ്ലാദേശ് ആക്രമണത്തിനു പിന്നിലെ ഭീകരര്‍ക്കും കേരളത്തില്‍ നിന്ന് ഐഎസിലേക്കു പോയവര്‍ക്കും പ്രചോദനമായ വിവാദ മൗലവിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു മുംബൈ പോലീസ്. ഇനി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല.
രാജ്യത്തെയും വിദേശത്തെയും ഭീകരരുടെ പുതിയ പ്രചോദനമെന്ന കരുതപ്പെടുന്ന സക്കീറിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി കര്‍ശനമാക്കി. ഇതോടെയാണ് തിരികെയെത്തേണ്ടെന്ന് ഇയാള്‍ തീരുമാനിച്ചതെന്നാണ് സൂചന. കേരളത്തില്‍നിന്ന് ഐഎസിലേക്കു പോയവര്‍ക്ക് ഇയാള്‍ പ്രചോദനമായെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റായി സക്കീര്‍ പ്രവര്ത്തിച്ചിട്ടുണ്ടോയെന്നതും അന്വേഷണപരിധിയിലാണ്. ഇയാളുടെ ആസ്തി, സ്ഥാപനങ്ങള്‍, ഫണ്ട് തുടങ്ങിയവ അന്വേഷിക്കാന്‍ മഹാരാഷ്ട്ര പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാനും പ്രത്യേക സംഘമായി. മുംബൈ പോലീസ് കമ്മീഷണര്‍ ഡി.ഡി. പദ്സാല്‍ഗികര്‍ അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു.
ഭീകരവാദവുമായി ബന്ധപ്പെട്ട് നേരത്തെയും സംശയ നിഴലിലായിട്ടുണ്ട് സക്കീര്‍ നായിക്ക്.
2002-03ലെ മുംബൈ സ്ഫോടന പരമ്പരയെക്കുറിച്ചുള്ള മുംബൈ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ചെന്നെത്തിയത് സക്കീര്‍ സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലാണ് (ഐആര്‍എഫ്). ഇയാളെ ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവം വിനയായി. അന്നു മുതല്‍ പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നിരീക്ഷണത്തിലാണ് ഇയാള്‍. ഔറംഗബാദിലെ ആയുധവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ, മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഫിറോസ് ദേശ്മുഖ്, രഹില്‍ തുടങ്ങിയവര്‍ ഐആര്‍എഫുമായി ബന്ധമുള്ളവരെന്ന് കണ്ടെത്തിയിരുന്നു.
ഇവരില്‍ രഹില്‍ ബംഗ്ലാദേശിലേക്ക് കടന്നു. അഫ്ഗാനിസ്ഥാനിലേക്കു കടന്ന് ഐഎസില്‍ ചേര്‍ന്ന മല്‍വാനി സ്വദേശി അയാസ് സുല്‍ത്താനും ഐആര്‍എഫുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സക്കീറിന്റെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന പീസ് ടിവി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നിരോധിച്ചിരുന്നു.
















