മോണിക്ക ഖാംഗെംബാ
ന്യൂദൽഹി: ദൽഹി രാജ്യാന്തര വിമാനത്താവളത്തിൽ മണിപ്പൂരി യുവതിയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. ആഗോള വനിതാ സംഗമത്തിൽ ഭാരതത്തെ പ്രതിനിധികരിച്ച് പങ്കെടുക്കാൻ ദക്ഷിണ കൊറിയയിലേക്ക് പോകുവാൻ വിമാനത്താവളത്തിലെത്തിയ മോണിക്ക ഖാംഗെംബാനാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന് അധിക്ഷേപം നേരിട്ടത്.
ശനിയാഴ്ചയാണ് സംഭവം.
മോണിക്കയുടെ യാത്രാരേഖകൾ പരിശോധിച്ചശേഷം കണ്ടാൽ ഭാരതീയ വംശജയാണെന്ന് തോന്നുന്നില്ലെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിഹസിച്ചുവെന്നാണ് പരാതി. തുടർന്ന് ഉദ്യോഗസ്ഥർ ഭാരതത്തിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്നും, മണിപ്പൂരിൽ നിന്നാണെന്നു പറഞ്ഞപ്പോൾ മണിപ്പൂരിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളേതെന്നുൾപ്പെടെയുള്ള പലതരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും മറുപടി പറയാൻ നിർബന്ധിച്ചുവെന്നും കളിയാക്കി ചിരിച്ചുവെന്നും മോണിക്ക തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിനു മാപ്പു ചോദിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ മോണിക്കയ്‌ക്ക് ഉറപ്പു നൽകി.
















