കശ്മീരില്‍ ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ വധിച്ചതില്‍ പ്രതിഷേധിച്ച്
കലാപകാരികള്‍ പോലീസുമായി ഏറ്റുമുട്ടുന്നു
ശ്രീനഗർ: ജമ്മു കശ്മീരിൽ കൊടും ഭീകരനെ വധിച്ചതിന്റെ പേരിൽ ആരംഭിച്ച സംഘർഷം തുടരുന്നു. സംഘട്ടനങ്ങളിലും വെടിവയ്‌പ്പിലും മരിച്ചവരുടെ എണ്ണം 23 ആയി. മിക്കയിടങ്ങളിലും സംഘർഷാന്തരീക്ഷത്തിൽ അയവുവന്നിട്ടില്ല. വെള്ളിയാഴ്ച രാത്രിയിലാണ് ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനി അടക്കം മൂന്നു ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ഇതിന്റെ പേരിൽ ഒരു വിഭാഗം വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനകം അക്രമത്തിലും പോലീസ് വെടിവയ്‌പ്പിലുമായി 23 പേരാണ് മരിച്ചത്. അക്രമികൾ ഒരു കോൺസ്റ്റബിളിനെ ഝലം നദിയിൽ മുക്കിക്കൊല്ലുകയും ചെയ്തു. നാലു പോലീസ് സ്‌റ്റേഷനുകളും 36 സർക്കാർ ഓഫീസുകളും ഡസൻ കണക്കിന് വാഹനങ്ങളും കത്തിച്ചു. 102 പേർക്കും 100 സൈനികർക്കും പരിക്കേറ്റു.
സംഘർഷങ്ങളെത്തുടർന്ന് ശനിയാഴ്ച നിർത്തിവച്ച അമർനാഥ് യാത്ര ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. പതിനയ്യായിരത്തിലേറെ തീർഥാടകരാണ് ജമ്മുവിൽ കാത്തിരിക്കുന്നത്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ച വിച്ഛേദിച്ചതാണ്. അക്രമം അടങ്ങാതെ ഇവ പുനരാരംഭിക്കില്ല. വിമാനസർവ്വീസുകളും പുനരാരംഭിച്ചിട്ടില്ല.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനിയെ വധിക്കാനായത് വലിയ നേട്ടമായാണ് സൈന്യവും ഇന്റലിജൻസും വിലയിരുത്തുന്നത്. വെള്ളിയാഴ്ച സൈന്യവുമായ ഏറ്റുമുട്ടിയ സംഘത്തിൽ വാനിയുണ്ടെന്ന് സൈന്യത്തിന് ധാരണയുണ്ടായിരുന്നില്ല. മൂന്നു ഭീകരരെ വധിച്ചു കഴിഞ്ഞപ്പോഴാണ് അതിൽ ഒരാൾ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും കാലങ്ങളായി ലക്ഷ്യമിട്ടിരുന്ന കൊടും ഭീകരനാണെന്ന് മനസിലായത്.
ഇയാളെ വധിക്കാനായത് വലിയ നേട്ടമാണെന്നാണ് കരുതുന്നത്. സാമൂഹ്യ മാധ്യമങ്ങൾ അടക്കം ഉപയോഗിച്ച് വലിയ പ്രചാരണം നടത്തി വന്ന ഭീകരനാണ് ഇയാൾ. ഇയാൾക്കൊപ്പം കൊല്ലപ്പെട്ട സർതാജ് അഹമ്മദ് ഷെയ്‌ക്ക് ഒരിക്കൽ ഭീകരപ്രവർത്തനം നിർത്തിയെന്ന് പ്രചരിപ്പിച്ചിരുന്ന ഭീകരനാണ്.
അതിനിടെ കശ്മീരിലെ സ്ഥിതിഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാജ്‌നാഥ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിട്ടുമുണ്ട്.
ദേശീയ സുക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ട. കർശന നടപടി മതി- ചർച്ചയ്‌ക്കു ശേഷം കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ തന്റെ പാർട്ടി എല്ലാ രീതിയിലും സഹകരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും രാജ്‌നാഥുമായുള്ള ചർച്ചയ്‌ക്കു ശേഷം അറിയിച്ചു.
ശ്രീനഗർ അടക്കം പത്തു ജില്ലകളിൽ നിരോധനാജ്ഞ തുടരകുകയാണ്.
















