പാട്‌ന: ഇത്തവണ ബീഹാറിന്റെ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം വന്നപ്പോള്‍ പരീക്ഷയെഴുതി കാത്തിരുന്ന റൂബി റായ് അത്രത്തോളം പ്രതീക്ഷിച്ചില്ല. മാനവിക വിഷയങ്ങളില്‍ ഒന്നാം റാങ്ക് റൂബിയ്‌ക്ക്! മാര്‍ക്ക് 500ല്‍ 444. ചാനലുകാരും മറ്റു മാധ്യമപ്രവര്‍ത്തകരും ഒന്നാം റാങ്കുകാരിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഓടിയെത്തി.
പക്ഷേ ഹിന്ദിയിലെ ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യം റൂബിയെയും ബീഹാര്‍ വിദ്യാഭ്യാസ വകുപ്പിനെയും ഭാരതത്തിന്റെ സോഷ്യലിസ്റ്റ് ‘മിശിഹാ’നിതീഷ്‌കുമാറിനെയുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പ്രതിക്കൂട്ടിലാക്കി.
റൂബി പഠിച്ച പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ച് ലളിതമായൊരു ചോദ്യമായിരുന്നു അത്. പ്രോഡിഗല്‍ സൈന്‍സ് ഈസ് എബൗട് കുക്കിങ് എന്നായിരുന്നു റൂബിയുടെ മറുപടി.
കിട്ടിയത് ഒന്നാം റാങ്ക്.
അതും പൊളിറ്റിക്കല്‍ സയന്‍സില്‍.
എന്താണ് പൊളിറ്റിക്കല്‍ സയന്‍സ്?
ഉത്തരം കുക്കിങ്ങ്.
പൊളിറ്റിക്കല്‍ എന്ന് പറയാന്‍ പോലുമറിയില്ല.
അത് നേരെ ചെന്നു വീണത് ബീഹാറില്‍ തുടര്‍ക്കഥയായി തുടരുന്ന പരീക്ഷാ തട്ടിപ്പുകളിലേക്ക്.
ബീഹാറില്‍നിന്നുള്ളവര്‍ സിവില്‍ സര്‍വീസ് രംഗത്ത് മികവു കാട്ടുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍വേണം ഇതു വായിക്കാന്‍. കഷ്ടപ്പെട്ട് പഠിച്ച് മികച്ച വിജയം നേടുന്നവരെക്കൂടി വിലയില്ലാത്തവരാക്കാന്‍ ഇടയാക്കുന്നതാണ് ഈ സംഭവങ്ങള്‍.
റൂബിയുടെ അച്ഛന്‍ ആദേശ്‌റായ് ഭൂ പ്രമാണിയാണ്. സ്വന്തമായൊരു കോളേജുമുണ്ട്. ബീഹാര്‍ വിദ്യാഭ്യാസ ബോര്‍ഡിലെ ഉന്നതര്‍ക്ക് സ്ഥലവും പണവും നല്‍കി ആദേശ്‌റായ് വാങ്ങിയ ഒന്നാം റാങ്കായിരുന്നു അത്. വൈശാലി ജില്ലയില്‍ റൂബി പഠിച്ച വിആര്‍ കോളേജില്‍ നിന്ന് 14 പേരാണ് പഠിക്കാനുള്ള വിഷയത്തിന്റെ ബാലപാഠം പോലുമറിയാതെ ‘ഉന്നതവിജയം’ നേടിയത്. സയന്‍സ് വിഷയങ്ങളില്‍ ഒന്നാം റാങ്കുനേടിയ സൗരവ് ശ്രേഷ്ഠയുടേതും വിലയ്‌ക്കു വാങ്ങിയ വിജയമായിരുന്നു.
പീരിയോഡിക് ടേബിളില്‍ ക്രിയാശീലത കൂടിയ മൂലകം ഏതെന്നായിരുന്നു സൗരവിനോട് ചാനലുകാരുടെ ചോദ്യം. ഒന്നുമറിയാത്തതു കൊണ്ട് ഏതെങ്കിലുമൊരു മൂലകമാവാം. അലൂമിനിയമെന്നായിരുന്നു സൗരവിന്റെ ഉത്തരം. ഏതായാലും ചോദേ്യാത്തരങ്ങളും പുനഃപരീക്ഷയുമെല്ലാം കഴിഞ്ഞ് റൂബിയും നാലു സഹപാഠികളും ഇപ്പോള്‍ ജയിലിലാണ്. അച്ഛനോട് ഞാന്‍ സെക്കന്റ് ക്ലാസോടെ എന്നെ ജയിപ്പിച്ചു തരാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. അല്ലാതെ റാങ്ക് ആയിരുന്നില്ലെന്ന്് റൂബി പറയുന്നു.
അങ്ങനെയെങ്കില്‍ 17 വയസ്സുള്ള റൂബിയെ മാത്രം ജയിലിടുന്നത് ശരിയല്ല, മാതാപിതാക്കളും ജയിലില്‍ പോകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും കൃത്യമായൊരു ഉത്തരമില്ലാതെ ഒഴിഞ്ഞുമാറുകയാണ് ബീഹാറിലെ വിദ്യാഭ്യാസ മന്ത്രി ഉപേന്ദ്ര ഖുഷ്‌വാര.
ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബച്ചാറായിയുടെ ഉത്തരങ്ങള്‍ പരന്നതോടെ ബീഹാര്‍ സ്റ്റേറ്റ് എഡ്യൂക്കേഷണല്‍ ബോര്‍ഡ് റൂബിയ്‌ക്കും കൂട്ടര്‍ക്കും പുനഃപ്പരീക്ഷ നടത്തി.
രണ്ടു തവണ അസുഖമെന്ന പേരില്‍ പരീക്ഷയില്‍ നിന്ന് ഒഴിഞ്ഞു മാറിയ റൂബി ഒടുവില്‍ കഴിഞ്ഞ ജൂണ്‍ 25ന് വീണ്ടും പരീക്ഷയെഴുതി. ഉത്തരഭാരതത്തിലെ ഭക്തകവി തുളസീ ദാസിനെക്കുറിച്ച ് ഏതാനും വരികളെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘തുളസീ ദാസ് ജീ പ്രണാമം’ എന്നെഴുതുന്നതിനപ്പുറത്തേക്ക് റൂബിയ്‌ക്ക് ഒന്നുമറിയില്ല.
പരീക്ഷ കഴിഞ്ഞ് രണ്ടുമാസമായില്ലേ, എല്ലാം മറന്നുപോയെന്നായിരുന്നു ഒന്നാം റാങ്കുകാരിയുടെ വിശദീകരണം. രണ്ടു വര്‍ഷം പഠിച്ചിട്ടും എല്ലാം മറന്നു പോകുന്ന ബുദ്ധിയോര്‍ത്ത് പരീക്ഷ നടത്തിയവരും അത്ഭുതപ്പെട്ടു.
ഭാവിപ്രധാനമന്ത്രിയെന്ന് പലരും വാഴ്‌ത്തിയതിനാല്‍ അതും സ്വപ്‌നം കണ്ടുകഴിയുന്ന നിതീഷിന് ഇതൊന്നും സഹിക്കാനാവുന്നതല്ല. വൈകാതെ വന്നൂ, ജുഡീഷ്യല്‍ അനേ്വഷണത്തിന് ഉത്തരവ്. അന്വേഷണം മുന്നേറിയപ്പോള്‍ പിടിയിലായതാകട്ടെ നിതീഷിന്റെയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും പാര്‍ട്ടിക്കാര്‍. അതും സംസ്ഥാന നേതൃസ്ഥാനത്തുള്ളവര്‍.
ബീഹാര്‍ സ്റ്റേറ് എഡ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ലോകേശ്വര്‍ പ്രസാദ്, അദ്ദേഹത്തിന്റെ ഭാര്യയും ഐക്യജനതാദള്‍ മുന്‍ നിയമസഭാംഗവുമായ ഉഷ സിന്‍ഹ, വി. ആര്‍. കോളേജ് സെക്രട്ടറി ബച്ചാറായ്, മകള്‍ ശാലിനി റായ് തുടങ്ങിയവരാണ് ഇപ്പോള്‍ പോലീസ് കസറ്റഡിയിലുള്ളത്.
ആര്‍ജെഡിയുടെ സജീവ പ്രവര്‍ത്തകനാണ് ബച്ചാറായ്. പക്ഷേ അവരെല്ലാം നേരത്തേ പാര്‍ട്ടിവിട്ടവരാണെന്നും എല്ലാത്തിനേയും ജയിലിലടയ്‌ക്കണമെന്നും രോഷം കൊള്ളുകയാണിപ്പോള്‍ ലാലുപ്രസാദ്. പാട്‌ന സീനിയര്‍ എസ്. പി. മനു മഹാരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പത്താം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിക്കാനുള്ള കടലാസു തുണ്ടുകള്‍ പരീക്ഷാ ഹാളിന്റെ പിന്‍ ചുമരില്‍ പൊക്കത്തില്‍ കയറി നിന്ന് കുട്ടികളുടെ ഉറ്റവരും ഉടയവരും ഹാളിലേക്ക് കൈമാറുന്ന കാഴ്ച ചാനലുകള്‍ ആഘോഷിച്ചത് മറക്കേണ്ട കാലമായിട്ടില്ല.
ആ ഒരു ഉത്തരം മനസ്സില്‍ നിന്ന് മാറും മുമ്പാണ് ബീഹാര്‍ മുഖ്യന് ഇരുട്ടടിയായി പുതിയ പരീക്ഷാ കുംഭകോണമെത്തിയിരിക്കുന്നത്. ക്ലാസ്‌റൂമുകളില്‍ സിസിടിവി സ്ഥാപിച്ചും കുറ്റക്കാര്‍ക്ക് 20,000 രൂപ പിഴയിട്ടും പരീക്ഷയ്‌ക്ക് മൂന്നുവര്‍ഷം വിലക്കു നല്‍കിയുമൊക്കെ അന്ന് പ്രശ്‌നം പരിഹരിച്ചു.
ദര്‍ഭംഗ സര്‍വ്വകലാശാലയില്‍ നടന്ന കൂട്ട കോപ്പിയടിയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല.
കോപ്പിയടി എന്‍ഡിടിവി തത്‌സമയം സംപ്രേഷണം ചെയ്തതോടെ അതും പുലിവാലായി. അധ്യാപക നിയമനത്തിനുള്ള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലും പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് ടെസ്റ്റിനുമെല്ലാം ആയിക്കണക്കിന് വ്യാജസര്‍ട്ടിഫിക്കറ്റുകളാണ് നിയമന കേന്ദ്രങ്ങളിലേക്ക് നിര്‍ബാധം ഒഴുകുന്നത്. ബുദ്ധിയുള്ളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവ് ഒരുപക്ഷേ സമത്വത്തിലും നിരപേക്ഷതയിലുമൊക്കെ വിശ്വസിക്കുന്ന നിതീഷിന്റെ ബീഹാറില്‍ വേണ്ടെന്നായിരിക്കാം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ബീഹാറിലെ നാട്ടിന്‍ പുറത്തുള്ളൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ഒരു ദേശീയ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ടായിരുന്നു. ടിവിയും പങ്കയുമൊക്കെ കണ്ടിട്ടുണ്ടോ എന്ന്. അവരുടെ നിഷ്‌ക്കളങ്ക മറുപടി അതെല്ലാം ചിത്രത്തില്‍ കണ്ടിട്ടുണ്ടെന്നായിരുന്നു. എവിടെ നില്‍ക്കുന്നു നിതീഷിന്റെ ബീഹാറും പഠനപ്രക്രിയയകളുമെന്നതിന് മികച്ച ഉദാഹരണം!.
















