ന്യൂദൽഹി: അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലീദ് വീണ്ടും വിവാദക്കുരുക്കിൽ. കശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുഹറാൻ വാനിയുടെ മരണത്തിൽ അനുശോചനം അറിയിച്ചാണ് ഇത്തവണ ഉമർ വിവാദത്തിന് തിരി കൊളുത്തിയത്.
വിപ്ലവ നേതാവ് ചെഗുവേരയുടെ ജീവിതം പോലെയാണ് കശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുഹറാൻ വാനിയുടേതെന്ന് ഖാലീദ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. വാനിയുടെ ധീരതയെ പ്രകീർത്തിച്ച ഖാലീദ് അദ്ദേഹം ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്നും മറിച്ച് അടിമ ജീവിതത്തെ ഏറെ വെറുത്തിരുന്നു എന്നും പറഞ്ഞു. അദ്ദേഹം സ്വതന്ത്രനായി ജീവിച്ചു, സ്വതന്ത്രനായി മരിച്ചു- ഖാലീദ് ഫേസ്‌ബുക്കിൽ കൂട്ടിച്ചേർത്തു.
നേരത്തെ പാർലമെന്റ് ആക്രമണത്തിൽ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ കനയ്യ കുമാറിനൊപ്പം ഉമർ ഖാലീദും ജെഎൻയുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
















